ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് അകന്നു പോയ സഹോദരങ്ങളുടെ പുന: സമാഗമത്തിന് പുണ്യ മക്ക വേദിയായി. ജിദ്ദയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ പ്രവാസ സംഘടനയായ ഒ.ഐ.സി.സി.യുടെ സാരഥികളിരൊലാളുമായ റഷീദ് കൊളത്തറയ്ക്കാണ് അത്യപൂര്‍വവും അനുഭൂതിദായകവുമായ അനുഭവം. -റഷീദിന്റെ വാക്കുകളില്‍.... 1947 ആഗസ്റ്റ് പതിനഞ്ചോട് കൂടി അന്നേ വരെ ഒരു രാജ്യമായിരുന്ന ഭാരതത്തിന്റെ ഹൃദയത്തിലേക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോടാലി വീണു. ഹൃദയഭേദകമായ ആ മുറിച്ചുമാറ്റലിന് കോടാലി ഏല്‍പ്പിക്കപ്പെടുന്നത് ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സിറിള്‍ റാഡ്ക്ലിഫ്ഫിനാണ്. ചുരുങ്ങിയ സമയം കൊണ്ട് ധൃതി പിടിച്ചു അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ മുറിച്ചു മാറ്റപ്പെട്ട അതിര്‍ത്തികളില്‍ ചോരച്ചാലുകള്‍ ഒഴുകി . ഒരുമിച്ചു ജീവിച്ചിരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു സുപ്രഭാതത്തില്‍ ഇരു രാജ്യങ്ങളിലെക്കുമായി മാറ്റപ്പെട്ടു...ചിത്രത്തില്‍ കാണുന്നത് എന്റെ മൂത്താപ്പയുടെ (ഉപ്പയുടെ ജേഷ്ട്ന്‍ എന്‍.സി.അബൂബക്കര്‍. കൊളത്തറ/കറാച്ചി) എന്നവരുടെ മകന്‍ ഇബ്രാഹിം(മുന്ന). നീണ്ട 39 വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ ഇന്നലെ(10.05.2018) മക്കയില്‍ വെച്ച് കൂടിക്കാണുന്നത്. സ്വാതന്ത്ര്യത്തിനു മുന്‍പ് 1945ല്‍ ആണ് മൂത്താപ്പ ജോലി തേടി കറാച്ചിയില്‍ എത്തുന്നത്. കോഴിക്കോട് വെച്ച് വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഒറ്റക്കുള്ള യാത്ര. കറാച്ചിയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ലഭിച്ചു. ജോലിയുമായി മുന്നോട്ട് പോകവേ സ്വാതന്ത്ര്യവും വിഭജനവും ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ തിരക്കുകളില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് പോകാന്‍ അവധി ലഭിച്ചില്ല. ആഗസ്റ്റ് 14-15 ഓടു കൂടി വിഭജനവും സ്വാതന്ത്ര്യവും പൂര്‍ത്തിയായി. അതിര്‍ത്തികളില്‍ അതിരൂക്ഷമായ ലഹളകളും കൊലപാതകങ്ങളും മൂലം അദ്ദേഹത്തിനു കോഴിക്കോട്ടേക്ക് രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും കോഴിക്കോട്ട് അദ്ദേഹത്തിന് ഒരു മകന്‍ പിറന്നിരുന്നു.
നാട്ടിലേക്ക് വരണമെങ്കില്‍ പാസ്‌പ്പോര്‍ട്ടും, അനുമതിയും കിട്ടണം. പിന്നീട് 1950ല്‍ പാസ്‌പോര്‍ട്ട് ലഭിച്ച അദ്ദേഹം പാകിസ്ഥാന്‍ പൗരനായി സ്വന്തം നാടായ കോഴിക്കോട്ടേക്ക് ഒരു വിദേശിയായ സ്വദേശിയായി വന്നു. ചുരുങ്ങിയ സമയമേ ഇവിടെ നില്‍ക്കാന്‍ അനുവാദം ലഭിച്ചുള്ളൂ . ഭാര്യയേയും മകനെയും കൂട്ടി കറാച്ചിയിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കറാച്ചിയില്‍ എത്തിയ അദ്ദേഹം ആര്‍മിയിലെ ജോലി ഉപേക്ഷിച്ചു മറ്റു പല ജോലികളും ചെയ്തു. പിന്നീട് കച്ചവടത്തിലേക്കും തിരിഞ്ഞു. വര്‍ഷങ്ങള്‍ കടന്നു പോയി. 1979ല്‍ മൂത്താപ്പയും ഭാര്യയും 4 മക്കളും(ഈ ഫോട്ടോയില്‍ എന്റെ കൂടെയുള്ള മുന്ന ഉള്‍പ്പെടെ) നാട്ടില്‍ വന്നു മൂന്നു മാസം കുടുംബങ്ങളോടൊപ്പം കഴിഞ്ഞു. 1980ല്‍ ഒരിക്കല്‍ കൂടി വന്നു പോയതിനു ശേഷം 1989ല്‍ അദ്ദേഹം കറാച്ചിയില്‍ വെച്ച് നിര്യാതനായി .പിന്നീട് 1991ല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും (ബാബു) കൂടി നാട്ടിലെത്തി. ഉപ്പയുടെയും ഉമ്മയുടെയും വലിയ കുടുംബബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചറിഞ്ഞ ബാബുവിന് കോഴിക്കോട്ട് കഴിഞ്ഞു കൂടാനായിരുന്നു താല്‍പര്യം. ബന്ധുക്കളോ കുടുംബാംഗങ്ങളോ ഇല്ലാത്ത കറാച്ചിയില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഇവിടുത്തെ ബന്ധങ്ങളും സ്‌നേഹവും അനുഭവിച്ചപ്പോള്‍ മനസ്സ് വല്ലാതെ കുളിര്‍ത്ത് പോയിരുന്നു. 6 മാസം കോഴിക്കോടന്‍ ജീവിതം ആസ്വദിച്ച് അവര്‍ മടങ്ങി. 2000ല്‍ മൂത്തമ്മയും മരിച്ചു. ഇപ്പോള്‍ അവരുടെ 5 മക്കളില്‍ 4 പേര്‍ കറാച്ചിയിലും ഒരാള്‍ ജപ്പാന്‍ പൗരത്വം നേടി ജപ്പാനിലും സ്വന്തം കുടുംബത്തോടൊപ്പം കഴിയുന്നു. കോഴിക്കോട്ടെ വലിയ രണ്ടു തറവാടുകളുടെ പിന്‍ബലമുള്ള ഇവരുമായി അന്നും ഇന്നും ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് ഞാന്‍ മാത്രമാണ് എന്നതാണ് ദുഃഖ സത്യം.
മണ്ണിന്റെയും, മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും, രാഷ്ട്രീയത്തിന്റെയും ഒക്കെ പേരില്‍ അതിര്‍ത്തികള്‍ വേര്‍തിരിച്ചു മനുഷ്യഹൃദയങ്ങളെ രണ്ടായി പകുത്ത് മുള്ളുവേലികള്‍ കെട്ടിയുയര്‍ത്തുന്ന ഒരു ലോകമല്ല നമുക്ക് വേണ്ടത്. ബന്ധങ്ങളും, സ്‌നേഹവും, സന്തോഷവും, സാഹോദര്യവും നിറഞ്ഞാടുന്ന ഒരു പൂങ്കാവനമായി ഈ ലോകം മാറും എന്നാശിക്കാം.....ഫേസ്ബുക്ക് പോസ്റ്റില്‍ റഷീദ് വ്യക്തമാക്കി.