കോഴിക്കോട്-പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ വേണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ പി സതീദേവി. രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ധ്യക്ഷ.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്ക്കും ഒരേ നിയമം മതി. ഹൈക്കോടതിയില്‍ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ വ്യക്തമാക്കി. അതേസമയം, ഹോസ്റ്റല്‍ വിലക്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം.
സുരക്ഷയുടെ പേരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ലെന്നും ലിംഗ വിവേചനം അരുതെന്നും യു.ജി.സിയുടെ നിര്‍ദ്ദേശങ്ങളുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിനെന്ന് അറിയിക്കാന്‍ സിംഗിള്‍ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. സംസ്ഥാന വനിത കമ്മിഷന് അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.