റായ്പൂർ / പാലക്കാട് - ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സി.ആർ.പി.എഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്. പട്രോളിങ്ങിനിടെ, സുക്മ ജില്ലയിൽ വച്ച് സി.ആർ.പി.എഫ്, ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് എന്നീ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ ഇന്നലെ വൈകീട്ട് മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ജവാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുമാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളം വഴി നാട്ടിലെത്തും.
സി.ആർ.പി.എഫിന്റെ കമ്മാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ നിയോഗിച്ചത്.