Sorry, you need to enable JavaScript to visit this website.

'വിദ്യാർഥിനികളെ രാത്രിയിൽ  പുറത്തിറങ്ങുന്നത് വിലക്കാനാവില്ല'

കൊച്ചി- സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നതും പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുന്നതും പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതല്ലെന്ന് ഹൈക്കോടതി. ആണധികാര വ്യവസ്ഥയുടെ ഭാഗമാണ് വിദ്യാർഥിനികൾക്കു മേലുള്ള നിയന്ത്രണങ്ങളെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. 
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് വിദ്യാർഥിനികൾ പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ കേസിലാണ് കോടതി പരാമർശമുണ്ടായത്. 
മുതിർന്ന പൗരൻമാരെ തടയുന്നതെന്തിനെന്നു കോടതി ആരാഞ്ഞു. 'ഹോസ്റ്റൽ എന്താ ജയിലാണോയെന്നും അവർ കുട്ടികളാണോ, മുതിർന്ന പൗരന്മാർ അല്ലേയെന്നും കോടതി ചോദ്യമുന്നയിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവരെയാണോ തടയുന്നതെന്നും കോടതി ചോദിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ കാമ്പസിന് ഉള്ളിൽ പോലും ഇറങ്ങരുത് എന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളേജ് കാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തെന്നും കോടതി ചോദിച്ചു. അതിനു വിദ്യാർഥികളെ പൂട്ടിയിട്ടാൽ സുരക്ഷയാകുമോയെന്നും കോടതി ആരാഞ്ഞു. 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ അക്രമിക്കപ്പെടൂ എന്നു തോന്നുന്നുണ്ടോ? അക്രമികളെയാണ് പൂട്ടിയിടേണ്ടത് വിദ്യാർഥികളെയല്ലെന്നും കോടതി വ്യക്തമാക്കി. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ പൂട്ടിയിടുന്നതല്ല പരിഹാരം. വിദ്യാർഥിനികളുടെ കഴിവിനെ കുറച്ചു കാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്തരാണ് -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ വ്യക്തമാക്കി. സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗ വിവേചനം പാടില്ലെന്ന വിജ്ഞാപനങ്ങളും ലിംഗ വിവേചനവും മറ്റും പരിഗണിച്ച് ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സംസ്ഥാന വനിതാ കമ്മീഷനും അവരുടെ അഭിപ്രായം അറിയിക്കും. കേസ് കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
 

Latest News