Sorry, you need to enable JavaScript to visit this website.

സാരി മോഷ്ടിച്ച സ്ത്രീ ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി, കടക്കാരന്‍ കൈയോടെ പിടികൂടി

ഗുരുവായൂര്‍- സാരി മോഷ്ടിച്ച സ്ത്രീ ഒരു മാസത്തിനുശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ പിടിയിലായ. സി.സി.ടി.വി ക്യാമറ പകര്‍ത്തിയ മുഖം തിരിച്ചറിഞ്ഞതോടെയാണ് കടക്കാരന്‍ കൈയോടെ പിടികൂടിയത്. ഗുരുവായൂര്‍ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം.
തൃപ്രയാര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും ഭര്‍ത്താവിനൊപ്പംതന്നെ കടയിലെത്തി മോഷണം നടത്തിയത്. ആ സമയം കടയില്‍ ഒരു ജീവനക്കാരനേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടത്. അന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി.
ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചത്.
അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നും കടക്കാരന്‍ പോലീസിനോട് പറഞ്ഞു. പണം കൊടുക്കാമെന്ന ധാരണയില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും വിട്ടയച്ചു.

 

Latest News