ദുബായ് - ഇടവേളകളില്ലാതെ 25 കിലോമീറ്റര്‍ നീന്തി മലയാളി യുവാവ് ശ്രദ്ധേയനായി. ദുബായില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശി അബ്ദുല്‍ സമീഖ് ആണ് ദുബായ് മംസാര്‍ ബീച്ചില്‍ 14 മണിക്കൂര്‍ സമയമെടുത്തുനേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സുഹൃത്ത് പ്രദീപ് നായര്‍ 21 കിലോമീറ്റര്‍ നീന്തിയിരുന്നു. ഇത് മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്റേത്.
ദുബായില്‍ തന്നെ മുമ്പ് 15 കിലോമീറ്റര്‍ നീന്തിയ സമീഖ് കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയപ്പോള്‍ ആലുവ പുഴയില്‍ 10 കിലോമീറ്റര്‍ നീന്തിയിരുന്നു. വിവിധ മാരത്തണ്‍ ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 20 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന സമീഖ് ഭാര്യ ഷറീനക്കും മക്കളായ നിഹാനും നൈറക്കുമൊപ്പം ദുബായിലാണ് താമസം.
രാവിലെ 4.20 നു തുടങ്ങി ലക്ഷ്യം കൈവരിച്ചപ്പോള്‍ വൈകിട്ട് 6.10 ആയിരുന്നു. 800 മീറ്ററിലേറെ ദൂരമുള്ള മംസാര്‍ ബീച്ച് 30 തവണയിലേറെ സമീഖ് വലംവച്ചു. സുരക്ഷാ ജീവനക്കാരുടെ പൂര്‍ണപിന്തുണയോടെയായിരുന്നു ഉദ്യമം. യു.എ.ഇയിലെ മലയാളി റൈഡര്‍മാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്‌സ് അംഗമായ ഇദ്ദേഹം ഐ.ടി സ്ഥാപനമായ അല്‍ വഫാ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരാണ്. ഓട്ടവും സൈക്ലിങ്ങും നീന്തലുമാണ് ഇഷ്ടവിനോദം.