Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മതനിരപേക്ഷ സമൂഹവുമായി ചേർന്നുനിന്ന് മുസ്ലിം ന്യൂനപക്ഷം മുന്നോട്ടു പോകണം'  

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മധ്യമേഖല പ്രചാരണ സമ്മേളനം റിയാദ് ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മധ്യമേഖല പ്രചാരണത്തിന് റിയാദിൽ തുടക്കമായി. പ്രചാരണ സമ്മേളനം റിയാദ് ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31, ജനുവരി 1 തീയതികളിൽ കോഴിക്കോട് സ്വപ്‌നനഗരിയിലാണ് മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
മതം കൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യർക്ക് സമാധാനവും സുരക്ഷയും നൽകുന്ന മാനവിക സന്ദേശമാണ് മതമെന്ന് ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് സമ്മേളനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം നടത്തുന്നതെന്ന് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ ഭാവത്തിലും രൂപത്തിലും എല്ലാ സാമൂഹിക നന്മകളെയും വിഴുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശരിയായ വിശ്വാസവും കർമ രീതികളും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും തെറ്റായ വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും വിശ്വാസികളെ രക്ഷപ്പെടുത്താനുള്ള പരിഷ്‌കരണ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസം മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുന്ന പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണമെന്നും ടി.പി പറഞ്ഞു.
ഇരുപതുകളിൽ കൊടുങ്ങല്ലൂർ കേന്ദ്രമായി ഉയർന്നുവന്ന മുസ് ലിം ഐക്യ സംഘത്തിന്റെ കൈവഴിയായി രൂപപ്പെട്ട മുജാഹിദ് പ്രസ്ഥാനം നടത്തിയ സമ്മേളനങ്ങൾ സമൂഹത്തിന് ദിശാബോധം നൽകിയിട്ടുണ്ട്. 
മുസ് ലിം സമൂഹത്തിൽ ഇന്ന് കാണുന്ന സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ ഉണർവുകൾക്ക് പിന്നിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്രമമില്ലാത്ത പ്രവർത്തനമാണ്. മതനിഷേധ ചിന്തകളും സ്വതന്ത്രമായ ലിബറൽ ആശയങ്ങളും പുതു തലമുറയെ വഴി തെറ്റിക്കുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ ശ്രമങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്. ധാർമിക സദാചാര മൂല്യങ്ങളോട് യുദ്ധം ചെയ്യാനാണ് മത നിരാസ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത്. വർഗീയതയും തീവ്രവാദ ചിന്തകളും സമൂഹത്തെ ഭിന്നിപ്പിക്കുകയും പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാന സംരംഭങ്ങളെ തകർക്കുമെന്നും ഓർക്കണം. രാജ്യത്തെ മുസ് ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിരാശരാക്കാൻ തീവ്രവാദി കൂട്ടങ്ങൾ നടത്തുന്ന ശ്രമങ്ങൾ കാണാതെ പോകരുത്. ഇന്ത്യയിലെ മതനിരപേക്ഷത മുസ് ലിം സമൂഹത്തിന് ഏറ്റവും വലിയ സുരക്ഷയാണ്. ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടേണ്ടത് പ്രതി വർഗീയത കൊണ്ടല്ല. മതേതര സമൂഹവുമായി ചേർന്നു നിന്ന് ഫാസിസത്തിന്റെ കടന്നു കയറ്റം ചെറുത്ത് തോൽപിക്കണമെന്നും മദനി പറഞ്ഞു.
മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ സൗഹൃദ സംഗമങ്ങളും സംഘടിപ്പിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്റർ പുറത്തിറക്കുന്ന മെമന്റോകളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. 
ലേൺ ദി ഖുർആൻ മോഡൽ ഓൺലൈൻ പരീക്ഷയിലെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്ററിന് കീഴിൽ നടക്കുന്ന മദ്രസയിലെ  വിദ്യാർഥികൾക്ക് വേണ്ടി കലാ പരിപാടികളും ഒരുക്കിയിരുന്നു.
ഇസ് ലാഹി സെന്റർ ഭാരവാഹികൾക്ക് വേണ്ടി പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ശൈഖ് ഹുസൈൻ അൽ ബുറയ്ക്, അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, സാജിദ് കൊച്ചി, മാസിൻ അസീസിയ്യ, അബ്ദുറസാഖ് സ്വലാഹി, കെൻസ് അഹമ്മദ് ജാബിർ എന്നിവർ പ്രസംഗിച്ചു.
---

Tags

Latest News