ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 8,000 കോടീശ്വരന്മാര്‍ മറ്റു നാടുകളിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ട്.
ഈ വര്‍ഷം 15,000 കോടീശ്വരന്മാരെ നഷ്ടമായ റഷ്യയ്ക്കും 10,000 കോടീശ്വരന്മാരെ നഷ്ടപ്പെട്ട ചൈനയ്ക്കും ശേഷം പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ആഗോള മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ നഷ്ടമായ ആദ്യ മൂന്ന് രാജ്യങ്ങള്‍ റഷ്യ, ചൈന, ഇന്ത്യ എന്നിവയാണ്. ഹോങ്കോങ്ങിനും ഉക്രെയ്‌നിനും യഥാക്രമം 3,000, 2,800 കോടീശ്വരന്മാരെ നഷ്ടമായി. യുകെക്ക് 2022ല്‍ 1500 കോടീശ്വരന്മാരെ നഷ്ടമായപ്പോള്‍ യുഎഇ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 4,000, 3,500, 2,800 എന്നിങ്ങനെയാണ് കോടീശ്വരന്മാരുടെ നഷ്ടം.
ഓരോ വര്‍ഷവും കുടിയേറ്റം മൂലം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പുതിയ കോടീശ്വരന്മാര്‍ രാജ്യത്ത് പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒഴുക്ക് പ്രത്യേകിച്ച് ആശങ്കാജനകമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുടിയേറിയ 8,000 പേര്‍ ഇന്ത്യയിലെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ രണ്ടു ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നത്.
സമ്പന്നരായ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങുന്ന പ്രവണതയുണ്ടെന്നും രാജ്യത്തെ ജീവിതനിലവാരം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ സമ്പന്നരായ ആളുകള്‍ നാടുവിടുന്ന പ്രവണത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെന്‍ലിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
2031 ആകുമ്പോഴേക്കും ഇന്ത്യയുടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തിഗത ജനസംഖ്യ 80 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വിപണികളിലൊന്നായി ഇത് രാജ്യത്തെ മാറ്റും.
ഓസ്‌ട്രേലിയ, യുകെ, യുഎസ്എ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ വിപണികള്‍ ഹുവായ് 5 ജി നിരോധിച്ചതാണ് ചൈനക്ക് വലിയ തിരിച്ചടിയായതെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് റിപ്പോര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ വര്‍ദ്ധിച്ചുവെങ്കിലും കോവിഡ് മഹാമാരിയുടെ പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ കോടീശ്വരന്മാരുടെ കുടിയേറ്റം 2020ല്‍ കുറഞ്ഞു. ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും കാരണം 2020, 2021 വര്‍ഷങ്ങളില്‍ പ്രത്യേക കണക്കുകളൊന്നും ലഭ്യമല്ല.
ഈ വര്‍ഷം, യുഎസ്, കാനഡ, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, യുഎഇ, ഇസ്രായേല്‍, ഗ്രീസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കോടീശ്വരന്‍മാരുടെ വരവ്.