Sorry, you need to enable JavaScript to visit this website.

കെ റെയിലിൽ 'യൂടേൺ'; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സർക്കാർ

തിരുവനന്തപുരം - ജനകീയ സമരങ്ങളെ മുഖവിലക്കെടുക്കാതെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച കെ റെയിൽ സിൽവർലൈൻ പദ്ധതിയിൽനിന്ന് 'യൂ ടേണ'ടിച്ച് സംസ്ഥാന സർക്കാർ. സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച സർക്കാർ, പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. ഇനി കേന്ദ്ര റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി.
  സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്രാനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവ്.
 പദ്ധതിയിൽനിന്ന് സർക്കാർ പിറകോട്ട് പോവുന്നതായി നേരത്തെ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സർക്കാർ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചത്. ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോയതോടെ ശക്തമായ എതിർപ്പുകളും പ്രക്ഷോഭങ്ങളുമാണുയർന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും കത്തിപ്പടർന്ന പ്രതിഷേധങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. പ്രതിഷേധങ്ങൾ ഭയന്ന് അവാസനം അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്നുവരെ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്തായാലും പദ്ധതിയിൽനിന്ന് സർക്കാർ യൂടേണടിച്ചത് സമരക്കാർക്ക് വലിയ നേട്ടമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ജനപിന്തുണയില്ലാതെ കോടിക്കണക്കിന് രൂപയുടെ ബാധ്യയുണ്ടാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പല തലങ്ങളിൽ വിമർശന വിധേയമായിരുന്നു. പദ്ധതിക്കുള്ള സാമ്പത്തികവിഹിതം വായ്പയായും കേന്ദ്ര സഹായമായും സംസ്ഥാന വിഹിതമായും കോടികളാണ് വേണ്ടത്. എന്നാൽ ആ നിലയ്ക്കുള്ള സാധ്യതകൾ മങ്ങുകകൂടി ചെയ്തതോടെ സർക്കാറിന് തത്കാലം പിടിവാശി ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലാതാവുകയായിരുന്നു.
 ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാനാണ് നിർദേശം.

Latest News