ജമ്മു- ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്കു സമീപം സൈന്യത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഉന്നത ബിജെപി നേതാവായ സ്പീക്കര്‍ നിര്‍മല്‍ സിങ് വീടു പണിയുന്നു. നിര്‍മല്‍ സിങിനു പുറമെ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയും ഇവിടെ ഭൂമിവാങ്ങിയിട്ടുണ്ട്. കരസേനയുടെ ആയുധ സംഭരണ കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന 12 ഏക്കര്‍ ഭൂമി ഹിമഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2014ല്‍ വാങ്ങിയതാണ്. ഈ കമ്പനിയുടെ ഓഹരി ഉടമകളാണ് നിര്‍മല്‍ സിങും കവിന്ദര്‍ ഗുപ്തയും.
നഗ്രോട്ട ആയുധ ഡിപ്പോക്കു സമീപത്തെ ഈ ഭൂമിയില്‍ തനിക്കവകാശവമുള്ള 2000 ചതുരശ്ര മീറ്റര്‍ ഭൂമിയിലാണ് നിര്‍മല്‍ സിങ് വിട് പണിയുമായി മുന്നോട്ടു പോകുന്നത്. നിയമപ്രകാരം സൈനിക ഡിപ്പോയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മ്മാണം അനുവദനീയമല്ല. എന്നാല്‍ നിര്‍മല്‍ സിങിന്റെ വീടുപണി നടക്കുന്ന 530 മീറ്റര്‍ അടുത്താണ്. ഈ നിയമവിരുദ്ധ നിര്‍മ്മാണത്തിനെതിരെ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നതോടെ ഈ മേഖലയിലെ സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സരണ്‍ജീത്ത് സിങ് ശക്തമായ പ്രതിഷേധമറിയിച്ച് സ്പീക്കര്‍ നിര്‍മ്മല്‍ സിങിന് നേരിട്ട് കത്തെഴുതിയിരിക്കുകയാണ്.
മാര്‍ച്ച് 19-നാണ് അന്ന് ഉപമുഖ്യമന്ത്രിയായിരുന്നു നിര്‍മ്മല്‍ സിങിന് സേനാ കമാന്‍ഡര്‍ കത്തയച്ചത്. ഈ വീടു നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും സൈന്യത്തിന്റെ സുപ്രധാന ആയുധ സംഭരണ കേന്ദ്രത്തിനും സൈനികര്‍ക്കും ഇത് സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വീടു നിര്‍മ്മാണം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രിയുടെ വീടു നിര്‍മ്മാണം തടയണമെന്ന സൈന്യത്തിന്റെ നിരന്തരം ആവശ്യം പ്രാദേശിക ഭരണകൂടം ചെവികൊള്ളാത്തതിനെ തുടര്‍ന്നാണ് സൈനിക കമാന്‍ഡര്‍ നിര്‍മ്മല്‍ സിങിന് നേരിട്ട് കത്തയച്ചതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം സൈന്യത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കഴിഞ്ഞയാഴ്ച സ്പീക്കറായി ചുമതലയേറ്റ നിര്‍മല്‍ സിങ് പറയുന്നത്. വീടു നിര്‍മ്മാണം നിയമപരമാണ്. സൈന്യം പറയുന്നത് അവരുടെ നിലപാടാണ്. അത് നിയമപരമായി തന്നെ ബാധിക്കുന്നതല്ലെന്നും നിര്‍മ്മല്‍ സിങ് പറഞ്ഞു. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് വീടുപണിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ വീടുനിര്‍മ്മാണം 1903-ലെ പ്രതിരോധ നിര്‍മ്മാണ നിയമം, കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ പുറത്തിറക്കിയ ഉത്തരവ് എന്നിവയുടെ ലംഘനമാണെന്ന് സൈനിക കമാന്‍ഡര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ 2015-ലെ മറ്റൊരു ഉത്തരവ് പ്രകാരം ഈ ആയുധ ഡിപ്പോയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വിലക്കിയിട്ടുമുണ്ട്.