Sorry, you need to enable JavaScript to visit this website.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ കലാ വിസ്മയം തീർത്ത് ഇന്ത്യൻ സാംസ്‌കാരിക ദിനം

ദോഹ- ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തർ സാംസ്‌കാരിക മന്ത്രാലയം വിവിധ കമ്യൂണിറ്റികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ദിന പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ശ്രദ്ധേയമായി. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള മ്യൂസിക് അഫയേഴ്‌സ് സെന്ററിൽ നടന്ന പരിപാടി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്‌കാരിക വിനിമയങ്ങളുടെ സംഗമഭൂമിയായി മാറി. 
മലയാളികളടക്കമുള്ള വിവിധ സംഘടനാ നേതാക്കളും പ്രമുഖരും പങ്കെടുത്തു. വുമൺ ഇന്ത്യ ഖത്തർ പ്രസിഡന്റ് നഹ്‌യാ ബീവി, തനിമ ഖത്തർ ഡയറക്ടർ ആർ.എസ് അബ്ദുൽ ജലീൽ എന്നിവരുടെ സാന്നിധ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ (സി.ഐ.സി) ജനറൽ സെക്രട്ടറി നൗഫൽ പാലേരി ഉദ്ഘാടനം ചെയ്തു. 
സംഗമത്തിൽ മലർവാടി ബാലസംഘം, തനിമ ഖത്തർ, വിമൻ ഇന്ത്യ, ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ, പോഡാർ പേൾ സ്‌കൂൾ എന്നിവയിലെ കലാകാരന്മാർ വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ തനത് കലാ രൂപങ്ങളായ ഹര്യാൻവി ഡാൻസ്, കോൽക്കളി, ദണ്ഡിയാ ഡാൻസ്, ഒപ്പന, പഞ്ചാബി ബംഗാര ഡാൻസ്, ദഫ് മുട്ട്, പീക്കോക് ഡാൻസ്, നാടൻപാട്ട്, ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം ഗാനങ്ങൾ, സംഗീത ശിൽപം, നാടോടി ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.
കലാകാരൻ അബ്ദുൽ ബാസിത്തിന്റെ വിവിധ പെയിന്റിംഗുകൾ പ്രദർശിപ്പിക്കപ്പെട്ടു. കൂടാതെ മെഹന്തി ഡിസൈൻ, കരകൗശല സാമഗ്രികൾ, ഇസ് ലാമിക് കാലിഗ്രഫി എന്നിവയുടെ പ്രദർശനവും നടന്നു. ഖത്തർ സാംസ്‌കാരിക മന്ത്രാലയം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുത്തു.
കെ.സി അബ്ദുൽ ലത്തീഫ്, ഡോ.അബ്ദുൽ വാസിഹ്, അഹമ്മദ് ഷാഫി, ഡോ.സൽമാൻ, സാലിം വേളം, സിദ്ദീഖ് വേങ്ങര, സറീന ബഷീർ, ഇലൈഹി സബീല, അബ്ദുൽ ജലീൽ എം.എം എന്നിവർ നേതൃത്വം നൽകി.

Tags

Latest News