- തരൂരിന്റെ കരിസ്മ ഉപയോഗപ്പെടുത്തണം. വിവാദം ഗുണമുണ്ടാക്കിയത് സി.പി.എമ്മിന്. പരസ്യപ്രസ്താവനകൾക്കു കാരണം പാർട്ടി വേദി ഇല്ലാത്തതിനാലെന്നും വിശദീകരണം
തിരുവനന്തപുരം - മുസ്‌ലിം ലീഗ് ഇല്ലാതെ കോൺഗ്രസിനോ യു.ഡി.എഫിനോ ഭാവിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരൻ. ഇക്കാര്യം തുറന്നുപറയുന്നതിന് ഒരു മടിയുമില്ല. കോൺഗ്രസ് പാർട്ടി വിട്ടതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നും കെ.പി.സി.സി പ്രസിഡന്റ് പദവിയിലിരിക്കെ, രാജിവെച്ച് മന്ത്രിയായത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് മുന്നണി വിട്ടാലും കോൺഗ്രസ് അതിജീവിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശം തെറ്റാണെന്നും ചോദ്യത്തോടായി അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. സ്വപ്‌ന സുരേഷിനെതിരായ ആരോപണം യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഉണ്ടായതെങ്കിൽ അപ്പോൾ തന്നെ സർക്കാർ താഴെ വീഴുമായിരുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിവുള്ള നേതാവാണ് ശശി തരൂർ. അദ്ദേഹത്തിന്റെ കരിസ്മ പാർട്ടിയെ വളർത്തുന്നതിന് ഉപയോഗിക്കുന്നതിൽ എന്തിനാണ് അലോസരമെന്ന് മനസ്സിലാകുന്നില്ല. ചിലർക്ക് പാർട്ടിയിൽ അരക്ഷിതത്വം ഉണ്ടെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ, ഒരു നേതാവിനെ മാറ്റിനിർത്തുന്നതിനോട് യോജിപ്പില്ല. കോൺഗ്രസിൽ ജനാധിപത്യമുണ്ടെന്ന് തെളിയിക്കാൻ ധൈര്യം കാണിച്ച ആളാണ് തരൂര്. അദ്ദേഹത്തെ മാറ്റിനിർത്തുന്നത് തെറ്റാണെന്നും മുരളി പറഞ്ഞു.
ഇനിയൊരു വിഭാഗീയതയെ അതിജീവിക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകളോട് പൂർണമായും യോജിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ 'ബലൂൺ' പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പരസ്യമായി മറുപടി പറഞ്ഞത്. തരൂരിനെ പിന്തുണച്ചതോടെ താൻ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞെന്ന ആക്ഷേപം ശരിയല്ല. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനെ എതിർത്തത്, പാർട്ടി അധ്യക്ഷസ്ഥാനം വഹിക്കുന്നയാൾ മതിയായ സംഘടനാപരിചയമുള്ള നേതാവായിരിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ വിഭാഗം ആളുകളെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ മിടുക്കനാണ് എന്നതിനാലാണ് ഇപ്പോൾ തരൂരിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്നാണ് നേതാക്കൾ പറയുന്നത്. ശരിയാണത്. എന്നാൽ, രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിട്ട് അഞ്ചുമാസമായി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കൂടിയിട്ട് അഞ്ചോ എട്ടോ മാസമായി. അപ്പോൾ ആശങ്കകൾ എവിടെ ഉന്നയിക്കും? അതിനാലാണ്, പരസ്യ പ്രസ്താവനകളുമായി വരാൻ നിർബന്ധിതനായത്.
തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയശേഷം, പിന്നീട് വി.ഡി സതീശൻ തള്ളിപ്പറഞ്ഞുവെന്ന എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായരുടെ ആക്ഷേപത്തിലും മുരളീധരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുകയും പിന്നീട് പരസ്യമായി നിഷേധിക്കുന്നതും തെറ്റാണെന്ന് വിശ്വസിക്കുന്നു. എല്ലാ സമുദായ നേതാക്കളുമായും നല്ല സമവാക്യം നിലനിർത്തണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും മുരളീധരൻ വിശദീകരിച്ചു.
തരൂരിന്റെ വളർച്ചയിൽ വി.ഡി സതീശൻ ഭയപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന്, എന്തിന് ഭയപ്പെടണം എന്നായിരുന്നു മറുചോദ്യം. സതീശന് തന്റേതായ ശൈലിയും സ്വാധീനവുമുണ്ട്. ഒരുകാലത്ത് ഇടതുപക്ഷ കോട്ടയായിരുന്ന മണ്ഡലത്തിൽനിന്നും നാലു തവണയാണ് സതീശൻ വിജയിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ് അദ്ദേഹം. സ്വന്തം മണ്ഡലത്തിന് പുറത്ത് സതീശന് ജനസ്വാധീനമുണ്ടോ എന്ന ചോദ്യത്തിന്, അത് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ശശി തരൂർ വിവാദം സി.പി.എമ്മിനാണ് ഗുണം ചെയ്തത്. സുധാകരന്റെ നാക്കുപിഴയും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിനുമെതിരായ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവരെ സഹായിച്ചു. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉറച്ച നിലപാടില്ലെന്നും മുരളീധരൻ വിമർശിച്ചു.