ന്യൂദൽഹി - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി ഉഷയ്ക്ക് എതിരാളികളില്ല. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന സമയം ഇന്ന് വൈകീട്ട് അവസാനിച്ചതോടെയാണിത്. മറ്റ് നോമിനേഷനുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കേണ്ട ഡിസംബർ 10ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ തുടങ്ങിയ സവിശേഷതകളോടെയാണ് രാജ്യസഭാംഗം കൂടിയായ ഒളിമ്പ്യൻ പി.ടി ഉഷ ഈ പദവിയിലെത്തുക. ഇന്നലെയാണ് ഉഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ വ്യക്തിമാക്കിയിരുന്നു. പയ്യോളി എക്‌സ്പ്രസ് എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പി.ടി ഉഷ കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽനിന്നാണ് സ്‌കൂൾ ജീവിതം തൊട്ട് കായിക രംഗത്ത് ശ്രദ്ധേയ ചുവടുകളിലൂടെ ദേശീയ, അന്തർ ദേശീയ തലത്തിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.