ന്യൂദൽഹി- ചലച്ചിത്ര നടി ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ശ്രീദേവിയുടെ പേരിൽ 240 കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടായിരുന്നെന്നും അവർ യു.എ.ഇയിൽ വെച്ചു മരണപ്പെട്ടാൽ മാത്രമേ ഈ തുക ലഭിക്കുമായിരുന്നുള്ളൂ എന്നുമാണ് പരാതി ഉന്നയിച്ച വികാസ് സിംഗ് ആരോപിച്ചത്. ഇതേ വിഷയത്തിൽ ദൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് സുനിൽ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ചെത്തിയ രണ്ടു ഹരജികൾ നേരത്തേ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായിലെ ആഡംബര ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള ശ്രീദേവി അഞ്ചടി ഒരിഞ്ച് മാത്രം ഉയരമുള്ള ബാത്ത് ടബ്ബിൽ എങ്ങനെ മുങ്ങിമരിക്കുമെന്നാണ് ചലച്ചിത്ര നിർമാതാവ് കൂടിയായ സുനിൽ സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചോദിച്ചത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിന്റേത് ഉൾപ്പെടെ എല്ലാ രേഖകളും ഇന്ത്യയിലെത്തിക്കണമെ ന്നും മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും വികാസ് സിംഗ് വാദിച്ചു.