Sorry, you need to enable JavaScript to visit this website.

വീടിനു പിന്നാലെ വാഹനങ്ങൾക്കും ബ്രസീൽ മയം; ഇത് 'ബ്രസീൽ സുധീർ'

കൊല്ലം - ലോകകപ്പ് ഫുട്ബാൾ ആവേശം കത്തുന്നതിനിടയിലും വലിയൊരു ധർമസങ്കടത്തിലായിരുന്നു കൊല്ലം ജില്ലയിലെ പള്ളിമുക്ക് മഹാത്മാ നഗറിലെ കട്ട ബ്രസീൽ ഫാനായ സുധീർ. ലോകകപ്പ് ഫുട്ബാൾ തുടങ്ങുന്നതിനു മുമ്പേ വീടിന് ബ്രസീൽ പതാകയുടെ നിറം നൽകിയെങ്കിലും, തന്റെ വാഹനങ്ങളുടെ നിറംമാറ്റാനുള്ള അപേക്ഷയിൽ അനുകൂല തീരുമാനം നീണ്ടുപോയതാണ് സുധീറിനെ ധർമസങ്കടത്തിലാക്കിയത്.
  തൃശൂർ വാഹനാപകടത്തെ തുടർന്നുള്ള മോട്ടോർ വകുപ്പിന്റെ കർശനമായ ചില വ്യവസ്ഥകളിൽ തട്ടിയാണത് നീണ്ടുപോയത്. ഒടുവിൽ ഒരു മാസം കൊല്ലം ജില്ലയ്ക്കു പുറത്തേക്കു പോകില്ലെന്ന ഉറപ്പിൽ തന്റെ ആക്ടീവ സ്‌കൂട്ടറിനും ലാൻസർ കാറിനും ബ്രസീൽ നിറം ലഭിച്ചിരിക്കുകയാണ് നാട്ടുകാരുടെ 'ബ്രസീൽ' സുധീറിന്. കാറിന്റെ ചുവന്ന നിറം മാറ്റി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിച്ചത്. കാറിന്റെ മുന്നിലായി ബ്രസീലിന്റെ പതാകയുമുണ്ട്. പിന്നിൽ ഇഷ്ടതാരങ്ങളുടെ സ്റ്റിക്കറുകളും പതിച്ചിരിക്കുന്നു. 'അത്തർ മണമുളള ഖത്തറിലെ ലോകകപ്പ് ഞങ്ങൾ ഇങ്ങ് എടുക്കുകയാ' എന്ന് വീടിന്റെ പടിക്കെട്ടിൽ എഴുതിയിട്ടുമുണ്ട്. 
 കാറും സ്‌കൂട്ടറും കൂടി ബ്രസീൽ മയമായതോടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ് സുധീറിന്. ഇനി ബ്രസീലിന്റെ കളിയാവേശം കാണാനിരിക്കുന്നേയുള്ളൂവെന്നാണ് സുധീർ പറയുന്നത്. കാറിന്റെ നിറം മാറ്റാൻ വർക്ക് ഷോപ്പിൽ നൽകിയ ശേഷമാണ് ത്യശൂരിലെ വാഹനാപകടത്തെ തുടർന്നുളള പ്രശ്‌നങ്ങൾ പൊല്ലാപ്പായതെന്ന് അദ്ദേഹം പറഞ്ഞു. ഡീഗോ മറഡോണയോടുളള ആരാധന മൂത്താണ് ഫുട്‌ബോളിൽ ആകൃഷ്ടനായത്. പിന്നീട് ബ്രസീലിന്റെ മുൻ ക്യാപ്റ്റൻ റോബർട്ടോ കാർലോസിന്റെ തകർപ്പൻ ഗോളിൽ ബ്രസീൽ ഫാനായി. 2018ലെ ലോകകപ്പ് സമയത്ത് ബ്രസീൽ പ്രേമം മൂത്ത് വീടിന്റെ വെളള കളർ മാറ്റി ജേഴ്‌സിയുടെ കളർ നൽകിയിരുന്നുവെന്നും സുധീർ വിശദീകരിച്ചു. 
 ജ്യൂസ് കട നടത്തുകയാണ് മുൻ പ്രവാസി കൂടിയായ സുധീർ. ബിരുദ വിദ്യാർത്ഥിയായ മകൻ ആലിമും ഫുട്‌ബോൾ ആരാധകനാണ്. ഭാര്യ തസ്‌നിയും മകൾ ആലിയയും കൂടി ചേരുമ്പോൾ വീട് ഒരു സമ്പൂർണ ബ്രസീൽ ഫാൻ സോണാവും. ഇതിന് കൈയടിച്ച് സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൂടെയുണ്ടെന്നും ഇദ്ദേഹം പറയുന്നു.

Latest News