ന്യൂദല്‍ഹി- കാമുകിയുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതിനിടെ അഫ്താബ് അമിന്‍ പൂനാവാലയുടെ വീട്ടിലെത്തിയത് ഒരു വനിതാ ഡോക്ടറാണെന്ന് പോലീസ് കണ്ടെത്തി. ശ്രദ്ധയും അഫ്താബും ആദ്യമായി പരിചയപ്പെട്ട ഡേറ്റിംഗ് ആപ്പായ ബംബിളിലൂടെ പരിചയപ്പെട്ട വനിതാ ഡോക്ടറാണ് അഫ്താബിന്റെ വീട്ടിലെത്തിയത്. ദല്‍ഹിയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഈ യുവതിയെ അന്വേഷണസംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
അഫ്താബ് നിരവധി സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയെന്ന് വ്യക്തമായതോടെ 'ബംബിള്‍' എന്ന ഡേറ്റിംഗ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, അഫ്താബ് അമിന്‍ പൂനാവാലയുടെ നാര്‍ക്കോ ടെസ്റ്റ് നവംബര്‍ 28 ന് നടത്തും.
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ദല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു.