മുംബൈ - വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന് യോഗ ഗുരു ബാബ രാംദേവ്. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്പില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ സാരിയിലും സല്‍വാര്‍ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണില്‍ അവര്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത്-എന്നായിരുന്നു പരാമര്‍ശം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ പരിപാടിയില്‍ അതിഥികളായിരുന്നു. ഇവരുടെ മുമ്പിലാണ് രാംദേവ് പരാമര്‍ശം നടത്തിയത്. അമൃത ഫഡ്‌നാവിസിന്റെ ആരോഗ്യകരമായ ജീവിത ശൈലിയെയും രാംദേവ് പ്രശംസിച്ചു. എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നു. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇങ്ങനെ ചെറുപ്പമായി തുടരുമെന്നാണ് എന്റെ വിശ്വാസം- രാംദേവ് പറഞ്ഞു.