ഗാന്ധിനഗര്‍ - ഏകീകൃത സിവില്‍കോഡ് സമ്പൂര്‍ണമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക.രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ആന്റി റാഡിക്കലിസം സെല്‍ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.
'തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ലീപ്പര്‍ സെല്ലുകളെയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും തിരിച്ചറിഞ്ഞു നശിപ്പിക്കുകയാണ് ആന്റി റാഡിക്കലൈസേഷന്‍ സെല്ലുകളുടെ ലക്ഷ്യം'- പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞു.
പ്രതിഷേധങ്ങള്‍, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ പൊതുസ്വത്തിനും സ്വകാര്യസ്വത്തിനും നാശം വരുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഗുജറാത്ത് പൊതുസ്വകാര്യ സ്വത്ത് നശീകരണ നഷ്ടപരിഹാര നിയമം നടപ്പാക്കും. അത്തരം ദേശവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കും. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ജെ.പി.നഡ്ഡയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.