Sorry, you need to enable JavaScript to visit this website.

മക്കയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നു

ജിദ്ദ- വരും വർഷങ്ങളിൽ ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധനവ് കണക്കിലെടുത്ത് വിശുദ്ധ ഹറമിന്റെ സമീപപ്രദേശങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയതായി ധനമന്ത്രാലയത്തിൽ പദ്ധതി കാര്യ വിഭാഗം മേധാവി എൻജിനീയർ തൗഫീഖ് അൽഖബ്‌സാനി വെളിപ്പെടുത്തി. മക്കയിലെ വൻകിട പദ്ധതികളിൽ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനും മക്ക നിവാസികളുടെയും മക്കയിലും ഹറമിലും എത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും, മക്കയിലേക്കും ഹറമിലേക്കും തിരിച്ചുമുള്ള ആളുകളുടെ നീക്കത്തിന്റെയും വിശദവും കൃത്യവുമായ കണക്കുകൾ ശേഖരിക്കുന്നതിന് സമഗ്ര പഠനം നടത്തുന്നതിനും രാജാവ് നിർദേശിച്ചിട്ടുണ്ട്. 
വിശുദ്ധ ഹറമിന്റെ സമീപപ്രദേശങ്ങളിലെയും തേഡ് റിംഗ് റോഡ് പരിധിയിൽ മക്ക നഗരത്തിലെയും പശ്ചാത്തല സൗകര്യങ്ങളെ കുറിച്ച് പഠനം നടത്തി ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് അനുസൃതമായി പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രാജാവ് നിർദേശിച്ചു. ധനമന്ത്രാലയവും മക്ക വികസന അതോറിറ്റിയും ഏകോപനം നടത്തിയാണ് പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കി വികസന പദ്ധതികൾ നടപ്പാക്കുകയെന്നും എൻജിനീയർ തൗഫീഖ് അൽഖബ്‌സാനി പറഞ്ഞു. 
 

Latest News