റിയാദ് - തബൂക്ക് പ്രവിശ്യയിലെ അൽനുഫൂദ് മരുഭൂമിയിൽ പുരാതന തടാകത്തിന്റെ കരയിൽ 85,000 വർഷം പഴക്കമുള്ള, മനുഷ്യന്റെ കാൽപാദങ്ങളുടെ അടയാളങ്ങൾ കണ്ടെത്തിയതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. റോഡ്സ് ഓഫ് അമേരിക്ക എന്ന ശീർഷകത്തിൽ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് ജപ്പാനിലെ ടോക്യോ മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കക്ക് പുറത്ത് മനുഷ്യവാസം വ്യാപകമായതും അറേബ്യൻ ഉപദ്വീപിൽ മനുഷ്യൻ എത്തിയതും വ്യക്തമാക്കുന്ന അപൂർവവും അമ്പരപ്പിക്കുന്നതുമായ കണ്ടെത്തലാണിത്. അന്താരാഷ്ട്ര പുരാവസ്തു വിദഗ്ധർ ഉൾപ്പെട്ട സൗദി സംഘമാണ് 85,000 വർഷം പഴക്കമുള്ള, കാൽപാദങ്ങളുടെ അടയാളങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുന്ന, പ്രായപൂർത്തിയായ ആളുകളുടെ കാൽപാദങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളായ ഇവർ തടാകത്തിൽ ഭക്ഷണം അന്വേഷിച്ച് ചുറ്റിക്കറങ്ങിയതാകാം. ഈ കണ്ടെത്തലുകൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്.
അടുത്തിടെ തൈമായിൽ 85,000 വർഷം പഴക്കമുള്ള, പ്രായപൂർത്തിയായ മനുഷ്യന്റെ കൈവിരലിന്റെ ഫോസിൽ ലഭിച്ചിരുന്നു. ഈ ഫോസിലിന്റെ അതേ കാലപ്പഴക്കമാണ് തബൂക്കിൽ കണ്ടെത്തിയ കാൽപാദങ്ങളുടെ അടയാളങ്ങൾക്കും കണക്കാക്കുന്നത്. ആധുനിക യുഗത്തിൽ അൽനുഫൂദ് മരുഭൂമിയിലൂടെ അറേബ്യൻ ഉപദ്വീപിലേക്ക് കുടിയേറിയ ആദിമ വിഭാഗക്കാരാകും ഇവർ. പുരാതന കാലത്ത് നദികളും തടാകങ്ങളും ശുദ്ധജലവും മൃഗങ്ങളും മരങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു അൽനുഫൂദ് മരുഭൂപ്രദേശമെന്നും സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.