Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് കെ എം ജോസഫിനെ നിയമിക്കാന്‍ കോളീജിയം വീണ്ടും ആവശ്യപ്പെടും

ന്യൂദല്‍ഹി- സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ എം ജോസഫിനെ തന്നെ നിയമിക്കാന്‍ കോളീജിയം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ജസ്റ്റിസ് ജോസഫിന്റെ നിയമനം തടഞ്ഞ് ശുപാര്‍ശ മടക്കി അയച്ച കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി ഇതേ ശുപാര്‍ശ തിരിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാരിനു തന്നെ അയക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ കൊളീജിയം യോഗം തത്വത്തില്‍ തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കൂര്യന്‍ ജോസഫ് എന്നിവരാണ് മറ്റു കൊളീജിയം അംഗങ്ങള്‍. 

ഇതിനു പുറമെ മറ്റു ചില ജഡ്ജിമാരേയും സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനും കൊളീജിയം തീരുമാനിച്ചു. ന്യായമായി പ്രാതിനിധ്യം എന്ന തത്വം അനുസരിച്ച് കൊല്‍ക്കത്ത, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ക്കാണ് പുതുതായി സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. മേയ് 16-ന് വീണ്ടും കൊളീജിയം യോഗം ചേരും.

ജനുവരിയിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിനെയും നേരത്തെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതു മാസങ്ങളോളം വച്ചുതാമസിപ്പിച്ച സര്‍ക്കാര്‍ ഒടുവില്‍ ഏപ്രില്‍ 26-ന് ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുയും ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് തിരിച്ചയക്കുകയുമായിരുന്നു.
 

Latest News