കൊച്ചി- ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ക്രിമിനല്‍ കേസ്സ് പ്രതികളായ രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഏലൂര്‍, ഉദ്യോഗമണ്ഡല്‍, വള്ളോപ്പിള്ളി താഴെ വീട്ടില്‍ കളിമുത്തു മുരുകന് എന്ന ഹരീഷ്(24), പേരൂര്‍ ഉദ്യോഗ മണ്ഡല് മരങ്ങാട്ട് വീട്ടില്‍ മഹിന്ദ്ര സുബ്രഹ്മണ്യന് (26) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയ്ശങ്കര്‍ അറസ്റ്റ് ചെയ്തത്.
കളമശ്ശേരിയിലെ ഹോസ്റ്റലില്‍ സമീപത്തു നിന്നും ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പ്രതികള്‍ വശീകരിച്ച് കാറില്‍ കടത്തി കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാംപ്രതിയ്ക്ക് ആ നിലയില്‍ പെണ്‍കുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നു. അത് മുതലെടുത്ത് പെണ്‍കുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ഹരീഷിന്റെ സുഹൃത്തായ മഹീന്ദ്രന്റെ കാറില്‍ ആണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി എറണാകുളം മറൈന്‍ഡ്രൈവ് വാക്ക് വേയില്‍ എത്തിയ പ്രതികള്‍ അവിടെ വെച്ച് പെണ്‍കുട്ടികളോട് അപമാര്യാദ ആയി പെരുമാറി. പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് പ്രതികള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഈ കേസിലെ രണ്ടാംപ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളും, ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമാണ്. ഒന്നാംപ്രതിയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ആളാണ്.