ഔറംഗാബാദ്- മഹാരാഷ്ട്രയില്‍ എട്ട് ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയ യുവാവ് അടക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍ മാസത്തെ വൈദ്യുതി ഉപഭോഗത്തിന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് 40-കാരനായ ജഗന്നാഥ് ഷെല്‍ക്കെയ്ക്ക് നല്‍കിയ ബില്ല് 8.64 ലക്ഷം രൂപയുടേതായിരുന്നു. ഔറംഗാബാദിലെ ഭരത് നഗര്‍ സ്വദേശിയും പച്ചക്കറി വില്‍പ്പനക്കാരനുമായ ഷെല്‍ക്കെ സ്വന്തം വീ്ട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഈ ബില്ലാണ് കാരണമെന്ന് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഷെല്‍ക്കെ എഴുതിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഒരു ബില്ലിങ് ക്ലര്‍ക്കിനെ വൈദ്യുതി വിതരണ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. ക്ലര്‍ക്കിന്റെ പിഴവാണ് വന്‍ തുകയുടെ ബില്ല് വരാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു മുറിയുള്ള ചെറ്റക്കുടിലില്‍ 55,519 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മീറ്റര്‍ റീഡിങ് എടുത്ത ക്ലര്‍ക്ക് 6,117.8 കിലോ വാട്ട് എന്നതിനു പകരം 61,178 കിലോ വാട്ട് എന്ന് തെറ്റായി രേഖപ്പെടത്തുകയായിരുന്നെന്ന് കമ്പനി അറിയിച്ചു. മീറ്ററിലെ പ്രശ്‌നം മൂലം ജനുവരിയില്‍ മീറ്റര്‍ മാറ്റിവച്ചിരുന്നു.