Sorry, you need to enable JavaScript to visit this website.

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

തിരുവനന്തപുരം-പ്രശസ്ത സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ(59) വഞ്ചിയൂരിലെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  രാത്രി മരണം സംഭവിച്ചിരിക്കാമെന്നാണു നിഗമനം. രാവിലെ മുതല്‍ സതീഷിന്റെ ഫോണില്‍ മറുപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു. പ്രവര്‍ത്തിച്ചിട്ടുണ്ട്.

1963 ല്‍ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനനം. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂര്‍ കോളജിലും പഠനം. വിദ്യാഭ്യാസത്തിനു ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി.  2001 ല്‍ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷന്‍ ഷോകള്‍ നിര്‍മിച്ച് അവതരിപ്പിച്ചു. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു.

2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (പേരമരം), കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. വൃശ്ചികം വന്നു വിളിച്ചു, പേരമരം, ചില സിലിക്കണ്‍ നിനവുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍, മണ്ണ്, എകാന്ത രാത്രികള്‍, ഉള്‍ഖനനങ്ങള്‍, കലികാല്‍, വിലാപവൃക്ഷത്തിലെ കാറ്റ്, കമല്‍ഹാസന്‍ അഭിനയിക്കാതെ പോയ ഒരു സിനിമ എന്നിവ പ്രധാന രചനകളാണ്.

 

 

Latest News