ന്യൂദല്‍ഹി- അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളില്‍ ഇന്ത്യാ വിഭജനത്തിനു മുമ്പ് തന്നെ നിലവിലുള്ള പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഛായാ ചിത്രത്തിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ബഹളംവയ്ക്കുന്നതിനിടെ ജിന്നയെ വാഴ്ത്തി ബിജെപി എംപി സാവിത്രി ബായ് ഫുലെ. ജിന്ന ഒരു മഹാനായ വ്യക്തിയായിരുന്നു. അദ്ദേഹം മഹനാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ജിന്നയുടെ ഛായാ ചിത്രം ലോക്‌സഭയുടെ ചുമരുകളില്‍ തൂങ്ങുന്നുണ്ട്. അദ്ദേഹം ആദരവോടെ സ്മരിക്കപ്പെടേണ്ട വ്യക്തിയാണ്. അര്‍ഹിക്കുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ ഛായാ ചിത്രം വേണമെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം ദളിത് പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തര്‍ പ്രദേശിലെ ബഹറയ്ച്ച് എംപിയായ ഫുലെ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആളുകളെ ജാതിയോ മതമോ നോക്കാതെ ആദരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ജിന്ന മഹാനാണെന്ന് യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയും ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുടെ രൂപീകരണത്തില്‍ സംഭാവനകള്‍ നല്‍കിയ മഹാ നേതാക്കള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത് നാണക്കേടാണെന്നായിരുന്നു മൗര്യയുടെ പ്രതികരണം.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അലിഗഢിലെ ബിജെപി എംപി സതീഷ് ഗൗതം അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ഛായാ ചിത്രത്തിനെതിരെ രംഗത്തു വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിശദീകരണം തേടതി ഗൗതം യൂണിവേഴ്‌സിറ്റി വിസിക്ക് കത്തെഴുതുകയായിരുന്നു. ഇത് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ലഭിക്കുന്നതിനു മുമ്പ്് മാധ്യമങ്ങള്‍ക്കു നല്‍കിയത് ഹിന്ദുത്വ തീവ്രവാദികളെ ഇളക്കിവിട്ടിരുന്നു. കാമ്പസില്‍ അതിക്രമിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ പോലീസ് സഹായത്തോടെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണിപ്പോള്‍.