മോസ്‌കോ- കോവിഡ് 19 വന്നതോടെയാണ് വൈറസുകളുടെ വിപത്തിനെ കുറിച്ച് പൊതുജനം കൂടുതല്‍ ബോധവന്മാരായത്. ഇവയുടെ ഭീഷണി അവസാനിച്ചിട്ടില്ല. പുരാതന വൈറസുകളെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍
ഹിമയുഗം മുതല്‍ റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റിന്റെ ആഴങ്ങളില്‍ മറഞ്ഞിരുന്ന പുരാതന വൈറസുകളെയാണ് പുനരുജ്ജീവിപ്പിച്ചത്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെര്‍മാഫ്രോസ്റ്റ് മണ്ണുമായി ഇടകലര്‍ന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകള്‍ പുറത്തെത്തുകയും ചെയ്യും. ഇതുയര്‍ത്തുന്ന ഭീഷണിയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു. വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെര്‍മാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍.
പെര്‍മാഫ്രോസ്റ്റിലെ മഞ്ഞില്‍ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളെയാണ് ഗവേഷകര്‍ തിരിച്ചറിയുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. 48,500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു. അമീബകളെ ബാധിക്കാന്‍ ശേഷിയുള്ള വൈറസുകളാണിവ. ബാക്ടീരിയയേക്കാള്‍ വലിപ്പമുള്ള ഇവയ്ക്ക് പകര്‍ച്ചവ്യാധികളുണ്ടാക്കാന്‍ ശേഷിയുണ്ടെന്ന സൂചനയാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. ഫ്രാന്‍സിലെ എക്‌സ് മാര്‍സെയ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനങ്ങള്‍ക്ക് പിന്നില്‍.