Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതിഫലത്തെച്ചൊല്ലി വിവാദം

പാലക്കാട്- അട്ടപ്പാടി മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതിഫലത്തെച്ചൊല്ലി വിവാദം മുറുകുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ കോടതിയില്‍ ഹാജരായി വാദിച്ചതിന് പ്രതിഫലമാവശ്യപ്പെട്ട് നല്‍കിയ ബില്ലിന്റെ 25 ശതമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ്.എം.മേനോന് അനുവദിച്ചത്. ഈ കാലയളവില്‍ മറ്റൊരാളായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയിലാണ് രാജേഷ് 92 ദിവസം കേസിന്റെ കാര്യത്തിനായി കോടതിയില്‍ ഹാജരായത്. നേരത്തേ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വ്യക്തി പിന്‍വാങ്ങിയപ്പോള്‍ മധുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം രാജേഷിനെ ആ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. അഡീഷണല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലക്ക് ജോലി ചെയ്ത കാലത്തെ പ്രതിഫലമായി 1.88 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബില്ല് നല്‍കി. എന്നാ ല്‍ 47,000 രൂപയാണ് അനുവദിച്ചത്. ഇതിനെതിരേ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും രംഗത്തെത്തി. തുച്ഛമായ പണം നല്‍കി അഭിഭാഷകനെ അപമാനിക്കാനാണ് ശ്രമമെന്ന് മല്ലി ആരോപിച്ചു. പ്രതിഫലം നല്‍കാതെ അഭിഭാഷകനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നത് പ്രതികളെ സഹായിക്കാനാണ് എന്നാണ് അവരുടെ പരാതി. മുഖ്യമന്ത്രിക്കും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ് എന്നിവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കാനാണ് മല്ലിയുടെ തീരുമാനം. മധു വധക്കേസിന്റെ സാക്ഷിവിസ്താരം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ 122 സാക്ഷികളെയാണ് വിസ്തരിച്ചത്. ആദ്യഘട്ടത്തില്‍ കുറേ സാക്ഷികള്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയത് ആശങ്കയുണ്ടാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റേയും പോലീസിന്റേയും ഭാഗത്തു നിന്ന് ഉണ്ടായ ഇടപെടല്‍ മൂലം അത് പരിഹരിക്കാനായിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ നിഗമനം.

 

Latest News