ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്റ എന്‍ജിഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹരജി ഉന്നയിച്ചപ്പോഴാണ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉറപ്പു നല്‍കിയത്.
സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു സിംഗ് ചൂണ്ടിക്കാട്ടി. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇഷ്ടപ്പെട്ട മത വിശ്വാസം തെരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗാണെന്ന് ഹാദിയ കേസില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിഷയം പരിഗണിക്കാന്‍ ഒരു തീയതി നിശ്ചയിച്ചു തരാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ ഉറപ്പ്. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരേയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിയില്‍ കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പിന്നീട് മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും പാസായ നിയമങ്ങള്‍ക്കെതിരേയും പരാതിയെത്തി.
നിയമങ്ങള്‍ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതാണെന്ന് അഭിഭാഷക തനിമ കിഷോറും ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യങ്ങളുടെ തന്നെ ലംഘനമാണിത്. സംസ്ഥാനങ്ങളില്‍ പാസാക്കിയിരിക്കുന്ന നിയമങ്ങളും ഓര്‍ഡിനന്‍സും വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ സംസ്ഥാന നിയമങ്ങള്‍ എതിരാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹരജിയും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.