Sorry, you need to enable JavaScript to visit this website.

മക്കൾക്കു സമയമില്ല;കടലു കാണാന്‍ വയോജനങ്ങളെ സഹായിച്ച് വളണ്ടിയര്‍ സംഘം

ജിദ്ദ - അറ്റമില്ലാതെ പരന്നുകിടിക്കുന്ന കടലു കാണുകയെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ രോഗികളായ വയോജനങ്ങളെ സഹായിക്കുകയാണ് ആംബുലന്‍സില്‍ പാരാമെഡിക്കല്‍ ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന സൗദി വളണ്ടിയര്‍ മുഹമ്മദ് സ്വാലിഹ് അടക്കമുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍. മെഡിക്കല്‍ ജീവനക്കാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങിയ ആറംഗ സംഘത്തിന്റെ ഭാഗമായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഹമ്മദ് സ്വാലിഹ് പറയുന്നു. കടലു കാണാന്‍ ആഗ്രഹിക്കുന്ന പ്രായംചെന്നവരെ സൗജന്യമായി ആംബുലന്‍സുകളില്‍ ബീച്ചില്‍ എത്തിച്ച് ഇതിന് അവസരമൊരുക്കുകയാണ് സംഘം ചെയ്യുന്നത്.
വയോജനങ്ങളുടെ മെഡിക്കല്‍, മാനുഷിക ആവശ്യങ്ങള്‍ മനസ്സിലാക്കി രോഗികള്‍ക്കും പ്രായംചെന്നവര്‍ക്കും കടലു കാണാന്‍ അവസരമൊരുക്കുന്ന പദ്ധതി സാമൂഹികമാധ്യമ ഉപയോക്താക്കളുടെ മുക്തകണ്‍ഠ പ്രശംസ നേടുകയാണ്. മൂന്നു വര്‍ഷമായി കടലു കാണാന്‍ കഴിയാതിരുന്ന, കടലു കാണാന്‍ അതിയായി ആഗ്രഹിച്ച വൃദ്ധരോഗിയെ മുഹമ്മദ് സ്വാലിഹ് കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ ബീച്ചില്‍ എത്തിച്ച് കടലു കാണിച്ചുകൊടുക്കുകയും ബീച്ചില്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു.
നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ മാത്രം സന്തോഷം ഒതുങ്ങുന്നില്ല. മറ്റുള്ളവരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമ്പോള്‍ മാത്രം നമുക്ക് അനുഭവപ്പെടുന്ന പ്രത്യേക സന്തോഷമുണ്ടെന്ന് മുഹമ്മദ് സ്വാലിഹ് പറയുന്നു. രോഗങ്ങള്‍ മൂലം ഒറ്റക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത രോഗികളുടെയും വയോജനങ്ങളുടെയും കടലു കാണമെന്ന മോഹം നിരവധി തവണ താന്‍ നിറവേറ്റിയിട്ടുണ്ട്. ഇത്തരക്കാരെ ആംബുലന്‍സില്‍ ബീച്ചിലെത്തിക്കുകയും പിന്നീട് വീടുകളില്‍ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ സേവനങ്ങള്‍ രോഗികളുടെ മനസ്സുകളെ വല്ലാതെ സ്വാധീനിക്കുന്നു.
വീടുകള്‍ക്ക് പുറത്തിറങ്ങി പുറംലോകത്തെ ജീവിതം കാണണമെന്ന വയോജനങ്ങളുടെ ആവശ്യങ്ങള്‍ തിരക്കുകളുടെ കാരണം പറഞ്ഞ് പലപ്പോഴും മക്കള്‍ നിറവേറ്റാറില്ല. ഇക്കാര്യം മനസ്സിലാക്കിയാണ് താനടങ്ങിയ വളണ്ടിയര്‍ സംഘം വയോജനങ്ങളെയും രോഗികളെയും ആംബുലന്‍സുകളില്‍ സൗജന്യമായി കടലു കാണിക്കാന്‍ കൊണ്ടുപോകുന്ന പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്. കടലു കാണാന്‍ മാത്രമല്ല, അടുത്തിടെ ഒരു വനിതാ രോഗിയെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനും താന്‍ ആംബുലന്‍സില്‍ കൊണ്ടുപോയി. ക്യാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയ ഒരു ബാലികയെ ആശുപത്രി വിട്ടത് ആഘോഷമാക്കി അലങ്കരിച്ച ആംബുലന്‍സില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററിലെയും വാട്‌സ്ആപ്പിലെയും തങ്ങളുടെ അക്കൗണ്ടുകളും സാമൂഹികമാധ്യമങ്ങളും വഴിയാണ് പൊതുജനങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ട് സേവനം തേടുന്നത്. ദൈവീക പ്രീതി മാത്രം കാംക്ഷിച്ചാണ് കടലു കാണാനും മറ്റും രോഗികളെയും പ്രായംചെന്നവരെയും തങ്ങള്‍ സഹായിക്കുന്നത്. ഏറ്റവും ആത്മാര്‍ഥമായാണ് ഇത്തരക്കാരെ തങ്ങള്‍ സേവിക്കുന്നത്. തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനം ഔദ്യോഗിക പരിവേഷത്തോടെ നടത്താന്‍ പദ്ധതിയുണ്ട്.
മൂന്നു വര്‍ഷമായി കിടപ്പുരോഗിയായ പിതാവിന് കടലു കാണാന്‍ മോഹമുണ്ടെന്ന് വനിതകളില്‍ ഒരാള്‍ ബന്ധപ്പെട്ട് തങ്ങളെ അടുത്തിടെ അറിയിച്ചു. കടലു കാണാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ ആംബുലന്‍സില്‍ ബീച്ചിലെത്തിച്ചു. കടലു കാണാന്‍ സാധിച്ചതിലുള്ള രോഗിയുടെയും ബന്ധുക്കളുടെയും സന്തോഷങ്ങളും വികാരങ്ങളും വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളും ബന്ധുക്കളും നടത്തുന്ന പ്രാര്‍ഥനകള്‍ തങ്ങളെ സന്തോഷിപ്പിക്കുന്നു. ഇത് ഭാവിയില്‍ ഈ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കണമെന്ന ആഗ്രഹം തങ്ങളുടെ മനസ്സുകളില്‍ ശക്തമാക്കി. ഇരു ഹറമുകളിലും നമസ്‌കാരം നിര്‍വഹിക്കാനും ഉംറ നിര്‍വഹിക്കാനും സാധിക്കണമെന്ന ആഗ്രഹമാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രകടിപ്പിക്കുന്നത്. ഹറമുകളില്‍ നമസ്‌കാരം നിര്‍വഹിക്കാനും ഉംറ കര്‍മത്തിനും ശേഷിയുള്ളവരെ ആംബുലന്‍സുകളില്‍ ഹറമുകളിലെത്തിച്ച് ഇതിന് അവസരമൊരുക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും മുഹമ്മദ് സ്വാലിഹ് പറയുന്നു.

 

 

Latest News