ബേസല്‍- ഓസ്‌ട്രേലിയയില്‍ ദയാമരണം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നു ശാസ്ത്രജ്ഞന്‍ 104 വയസ്സുളള ഡേവിഡ് ഗുഡോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരു ക്ലിനിക്കില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ മാരക വിഷം കുത്തിവച്ച് ദയാമരണം വരിച്ചു. ബേസലിലെ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കില്‍ ഇന്നലെയായിരുന്നു ഗുഡോളിന്റെ അന്ത്യം. ജീവിതം മടുത്തെന്നു പറഞ്ഞ് ആത്മഹത്യ ചെയ്യാനായാണ് ഗുഡോള്‍ സ്വിറ്റിസര്‍ലന്‍ഡിലെത്തിയത്. ഇതിഹാസ സംഗീതജ്ഞന്‍ ബീഥോവന്റെ 'ഓഡ് റ്റു ജോയ്' എന്ന പ്രശസ്തമായ സംഗീതം ശ്രവിച്ചായാരിരുന്നു ഗുഡോളിന്റെ അന്ത്യം.
സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ഗൂഡോള്‍ ദയാമരണം വരിക്കുന്ന ആദ്യ ഓസ്‌ട്രേലിയക്കാരില്‍ ഒരാളായി. മരണം ആഗ്രഹിക്കുന്നത് ജീവിതം മടുത്തതു കൊണ്ടാണെന്നും പ്രായാധിക്യം മൂലം നടക്കാന്‍ പ്രയാസവും കാഴ്ച മങ്ങലുമുണ്ട്. ജിവിതം ആസ്വാദ്യകരമല്ലാതായിട്ട് പത്തു വര്‍ഷത്തോളമായി എന്നും ഗുഡോള്‍ പറഞ്ഞിരുന്നു.
1914-ല്‍ ലണ്ടനില്‍ ജനിച്ച ഗൂഡോളിന്റെ കുടുംബം പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്. നാലു മക്കളും 12 പേരക്കുട്ടികളുമുണ്ട്. ദയാമരണം വരിക്കാന്‍ ബുധനാഴ്ചയാണ് ഗുഡോള്‍ സ്വിറ്റിസര്‍ലാന്‍ഡിലേക്ക് പോയത്. മരണത്തിനു തൊട്ടു മുമ്പത്തെ ദിവസം ബേസല്‍ യൂണിവേഴസിറ്റിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പേരക്കുട്ടികള്‍ക്കൊപ്പം ഗുഡോള്‍ സന്ദര്‍ശിച്ചിരുന്നു. ബേസലില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അടുത്തപടിയായ ജീവിത യാത്രകൂടി അവസാനിച്ചാല്‍ താന്‍ അതിലേറെ സന്തോഷവാനാകുമെന്നും ഗുഡോള്‍ പറഞ്ഞിരുന്നു. തന്റെ കുടുംബത്തോട് ഗുഡ്‌ബൈ പറയുന്നതില്‍ അല്‍പ്പം ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.