ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് സുപ്രീംകോടതിയിലേക്ക് വീണ്ടു ശിപാര്‍ശ ചെയ്യാന്‍ അടിയന്തര കൊളീജിയം യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍. അതിനിടെ ഇന്നു സുപ്രീംകോടതി കൊളീജിയം ചേരും.
സുപ്രീംകോടതി കൊളീജയത്തിന്റെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കത്തയച്ചു. ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് കൊളീജിയം കൂടി വീണ്ടും സര്‍ക്കാരിനയക്കണം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനു പുറമേ, ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമനത്തിനു തടസ്സമായി കേന്ദ്ര നിയമമന്ത്രി ഉന്നയിച്ച വാദഗതികളെയും ജസ്റ്റീസ് ചെലമേശ്വര്‍ തന്റെ കത്തില്‍ ഖണ്ഡിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഇക്കാര്യം കൂടിയാലോചിക്കുന്നതിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. മേയ് രണ്ടിന് കൊളീജിയം യോഗം ചേര്‍ന്നതിന് ശേഷം ആദ്യമായാണ് ഈ നാലു ജഡ്ജിമാരും ഇത്തരത്തില്‍ യോഗം ചേരുന്നത്. ഇതില്‍ ജസ്റ്റീസ് ചെലമേശ്വര്‍ ഒഴികെ മറ്റു നാലു ജഡ്ജിമാരും ബുധനാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജസ്റ്റീസ് ചെലമേശ്വര്‍ ബുധനാഴ്ച കോടതിയില്‍ എത്തിയിരുന്നില്ല. ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യുന്നതിനായി ജസ്റ്റീസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിന് കത്തെഴുതിയപ്പോള്‍ മറ്റു മൂന്നു പേരും അദ്ദേഹവുമായി കൊളീജിയം ചേരണം എന്നാവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 26നാണ് ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചത്.