ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡി വെറുപ്പിന്റെ പ്രചാരകനാവുകയാണെന്നും ജാതിയും മതവും പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വികസനത്തിനു പകരം പ്രധാനമന്ത്രി വിദ്വേഷമാണ് പ്രസംഗിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഭൂരിപക്ഷസമുദായം അതിനൊന്നും ചെവികൊടുത്തിട്ടില്ലെന്നത് അവിടത്തെ സമാധാനാന്തരീക്ഷത്തിനു തെളിവാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കേണ്ടത് അവരുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ ആവശ്യമാണ്. അതിനാല്‍ നേരത്തെ വിജയിച്ചിരുന്ന ഉള്ളാള്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കാതെ എല്ലായിടത്തും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാനാണ് ലീഗിന്റെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയില്‍ പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയ വിശ്വാസികള്‍ക്കെതിരേ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നപടി അപലപനീയമാണ്. ജനങ്ങളെ ഒത്തൊരുമിച്ച് കൊണ്ടുപോവേണ്ട മുഖ്യമന്ത്രി പോലും വിഭാഗീയമായാണ് സംസാരിക്കുന്നത്. പൊതുസ്ഥലത്ത് രാഷ്ട്രീയ കക്ഷികള്‍ പരിപാടി നടത്തുന്നതും വിവിധ മതവിശ്വാസികള്‍ പ്രാര്‍ഥനനടത്തുന്നതും പതിവാണ്. അതൊന്നും ആരും തടയുകയോ എതിര്‍ക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണി യുഡിഎഫിലേക്കു തിരിച്ചുവരണമെന്നു തന്നെയാണ് മുന്നണിയുടെ ആഗ്രഹം. അവര്‍ വരുന്നതിനോട് മുന്നണിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. മറിച്ച് അവര്‍ എല്‍ഡിഎഫിലേക്ക് പോവുന്നതില്‍ ആ മുന്നണിയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് മാണിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമം ലീഗ് തുടരും. പല കക്ഷികളും യുഡിഎഫില്‍ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.