ന്യൂദല്‍ഹി- നാലു മാസം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷം ആധാര്‍ കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റി വെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാദം കേള്‍ക്കലാണ് ആധാര്‍ സംബന്ധിച്ച ഒരു കൂട്ടം ഹരജികളില്‍ നടന്നത്. ഭരണഘടന ഭേദഗതിയില്‍ പാര്‍ലമെന്റിന്റെ അധികാരം സംബന്ധിച്ച 1973ല്‍ കേശവചന്ദ്ര ഭാരതി കേസിന്റെ വാദം കേള്‍ക്കല്‍ അഞ്ചു മാസം നീണ്ടു നിന്നിരുന്നു. നാലു മാസത്തിനിടെ 38 ദിവസമാണ് ആധാര്‍ കേസിന്റെ വാദം നടന്നത്. കേശവാനന്ദ ഭാരതി കേസില്‍ അഞ്ചു മാസത്തിനിടെ 68 ദിവസമാണ് വാദം കേട്ടത്. ആധാര്‍ സംബന്ധിച്ച് 27 പേരാണു സുപ്രീംകോടതിയില്‍ വ്യത്യസ്ത ഹരജികള്‍ നല്‍കിയിരുന്നത്. കേസില്‍ സുപ്രീംകോടതി ജൂലൈയിലോ ഓഗസ്റ്റിലോ വിധി പ്രസ്താവിക്കുമെന്നാണു കരുതുന്നത്.
പന്ത്രണ്ടക്ക ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പൗരന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ആധാര്‍ നിയമം മനുഷ്യത്വത്തെ ഇല്ലാതാക്കുന്നതാണെന്നും പരാതിക്കാര്‍ വാദിച്ചു. എന്നാല്‍, സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡികളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാര്‍ പ്രയോജനപ്പെടുത്തുന്നതെന്നും വിതരണത്തിലെ അപാകതകള്‍ ഒഴിവാക്കുന്നതും അഴിമതി രഹിതമാക്കാനമാണ് ആധാര്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
ആധാറിന്റെ ആധികാരിത സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നാണ് വാദത്തിനിടെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുന്‍ കര്‍ണാകട ഹൈക്കോടതി ജഡ്ജി കെ.എസ് പുട്ടസ്വാമി, മാഗ്‌സസേ അവാര്‍ഡ് ജേതാവ് ശാന്ത സിന്‍ഹ, ഗവേഷക കല്യാണി സെന്‍ മേനോന്‍ എന്നിവര്‍ ഉള്‍പ്പടെയായിരുന്നു ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരായ ഹരജിക്കാര്‍. ആധാറിന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്തായിരുന്നു പരാതിക്കാരുടെ ഹരജി. ആധാര്‍ നിയമം മനുഷ്യത്വ വിരുദ്ധമാകുന്നതിനു പുറമേ ആധാറുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ ചോരുന്നതിലും പരാതിക്കാര്‍ ആശങ്ക അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റീസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം, രാകേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദത്താര്‍ എന്നിവരാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
വാദത്തിനിടെ ആധാര്‍ മൊബൈല്‍ ഫോണ്‍ കണക്്ഷന് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ സര്‍ക്കാര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണെന്നു സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വാദം കേള്‍ക്കലിനിടെ ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായും മൊബൈല്‍ സേവനങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും സുപ്രീംകോടതി നീട്ടി വെച്ചിരുന്നു. അതിനിടെ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കുമോയെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ആധാറിനെ പ്രതിരോധിച്ചു രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണെന്നും എതിര്‍ക്കുന്നവര്‍ സാങ്കേതികതയില്‍ പിന്നോട്ടു നടക്കുന്നവരാണെന്നുമാണ് പറഞ്ഞിരുന്നത്. ആധാറിന്റെ സാധ്യതകള്‍ മനസിലാകാത്തതു കൊണ്ട് ചിലര്‍ എതിര്‍ക്കുകയും മറ്റു ചിലര്‍ ബോധപൂര്‍വം നുണ പ്രചരിപ്പിക്കുകയാണെന്നുമാണ് മോഡി ആരോപിച്ചത്.