തിരുവനന്തപുരം- താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് ഇനി കേസന്വേഷണം നടത്തുക.
കോര്‍പ്പറേഷനെയും മേയറെയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കത്തെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മേയറുടെ സല്‍കീര്‍ത്തിക്ക് ഭംഗം വരുത്താന്‍ ദുരുദ്ദേശ്യത്തോടെ വ്യാജമായി തയ്യാറാക്കിയതാണ് കത്ത്. മേയര്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ നാല് വരെ ദല്‍ഹിയിലായിരുന്നു. ഈ സമയത്ത് നവംബര്‍ ഒന്ന് എന്ന തീയതിവച്ച് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കൃത്രിമം കാണിച്ചാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. വ്യാജ ഒപ്പിട്ടാണ് സമൂഹമാധ്യമങ്ങള്‍ വഴി കത്ത് പ്രചരിപ്പിച്ചിരിക്കുന്നത്.
വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ഒരാളുടെ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ രേഖകളില്‍ കൃത്രിമം കാണിക്കലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഐ.പി.സി 465, 466, 469 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇനി നഗരസഭാ ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി കത്തിന്റെ ഉറവിടം കണ്ടെത്തണം. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതായി വരും. എന്നാല്‍ തെളിവുകള്‍ ഇതിനകം നശിപ്പിച്ചുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.