പോലീസ് എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിച്ചു
ലഖ്‌നൗ- ഉന്നവോ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപണം സിബിഐ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് യുപിയിലെ മഖി ഗ്രാമത്തിലെ തന്റെ വീട്ടില്‍ വച്ചാണ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും ഈ സമയം സെന്‍ഗാറിന്റെ വനിതാ സഹായി ശശി സിങ് മുറിക്കു പുറത്ത് കാവല്‍ നിന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ വൃത്തങ്ങള്‍ പറയുന്നു.
പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും എംഎല്‍എയുടെ പേര് പലതവണ വെളിപ്പെടുത്തിയിട്ടും ഉത്തര്‍ പ്രദേശ് പോലീസ് ജൂണ്‍ 20-ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ എംഎല്‍എയുടെയും ചില കൂട്ടുപ്രതികളുടേയും പേര് ഉള്‍പ്പെടുത്താതെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇവരുടെ പേര് ഉള്‍പ്പെടുത്തിയില്ലെന്നും സിബിഐ കണ്ടെത്തി.
ക്രിമിനല്‍ നടപടി ചട്ടം 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴിയിലും സെന്‍ഗാറിനും കൂട്ടര്‍ക്കുമെതിരായ കുറ്റാരോപണത്തില്‍ പെണ്‍കുട്ടി ഉറച്ചു നിന്നു. ഈ മൊഴികള്‍ കോടതിയില്‍ നിര്‍ണായക തെളിവുകളാണ്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയും പോലീസ് വച്ചു താമസിപ്പിച്ചു. തെളിവുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. പോലീസ് ഇതെല്ലാം ചെയ്തത് പ്രതികളുമായി ഒത്തുകളിച്ചായിരുന്നുവെന്നും സബിഐ വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പീഡനത്തില്‍ സെന്‍ഗറിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ കഴിഞ്ഞ മാസം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് വിവാദമായത്. തുടര്‍ന്ന് യുപി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു. ഏപ്രില്‍ 14-നാണ്് പ്രതി സെന്‍ഗാറിനെയും സഹായി ശശിയേയും സിബിഐ അറസറ്റ് ചെയ്തത്.