Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗജന്യ വൈഫൈ ഉപയോഗിച്ച് പി.എസ്.സി പരീക്ഷ പാസായ ചുമട്ടുതൊഴിലാളിയുടെ കഥ

കൊച്ചി- സര്‍ക്കാര്‍ സര്‍വീസില്‍ തൂപ്പു ജോലിക്കു പോലും അപേക്ഷിക്കാന്‍ പിഎച്.ഡി ബിരുദധാരികള്‍ വരെ വരിനില്‍ക്കുന്ന നാടാണ് നമ്മുടേത്. പി.എസ്.സി പരീക്ഷ എന്നു കേട്ടാല്‍ കെട്ടുകണക്കിന് പൊതുവിജ്ഞാന പുസ്തകങ്ങളും റാങ്ക് ഫയലുകളുടെ കൂമ്പാരവും ഗ്രാമങ്ങള്‍ തോറുമുള്ള പരീക്ഷാ കോച്ചിങ് കേന്ദ്രങ്ങളുമാണ് ആദ്യ ഓര്‍മ വരിക. എന്നാല്‍ ഇതുവരെ അധികമാരും പയറ്റാത്ത ഒരു പരിശീലന മുറയിലൂടെ വിജയം കൊയ്ത ഒരു ചുമട്ടുതൊഴിലാളിയുടെ കഥ തീര്‍ത്തും വ്യത്യസ്തമാണ്. റെയില്‍വേ സ്റ്റേഷനില്‍ ലഭ്യമായ സൗജന്യ വൈഫൈ ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ച് സ്വപ്രയ്തനം കൊണ്ട് പഠിച്ച് പി.എസ്.സി പരീക്ഷ പാസായിരിക്കുകയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടു തൊഴിലാളിയായ മുന്നാര്‍ സ്വദേശി കെ ശ്രീകാന്ത്. 

അഞ്ചു വര്‍ഷമായി ഈ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ പെട്ടികളും പാഴ്സലുകളും വഹിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ശ്രീകാന്ത് രണ്ടു തവണ പി.എസ്.സി പരീക്ഷ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ റെയില്‍വെ സ്റ്റേഷനിലെ സൗജന്യ വൈഫൈ ആണ് വില്ലേജ് അസിസ്റ്റന്റ് പരീക്ഷ പാസാകാന്‍ ശ്രീകാന്തിനെ സഹായിച്ചത്. ഒരു കോച്ചിങിനും പോകാതെ കനമേറിയ പുസ്തകങ്ങളുടെ കാര്യമായ സഹായങ്ങളൊന്നുമില്ലാതെ വൈഫൈ ഒരുക്കിയ ഡിജിറ്റല്‍ കോച്ചിങിലൂടെയാണ് ശ്രീകാന്ത് സ്വയം വിജപാത വെട്ടിത്തെളിച്ചത്.

യു ട്യൂബിലും മറ്റു ലഭ്യമായ സ്റ്റഡിമെറ്റീരിയലുകള്‍ മൊബൈലില്‍ പ്ലേ ചെയ്ത് ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ചാണ് പോര്‍ട്ടറുടെ ജോലി ചെയ്തത്. ഓണ്‍ലൈനില്‍ ലഭ്യമായ അധ്യാപകരുടെ ഓഡിയോകള്‍ കേട്ടും മനസ്സില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തിയും ശ്രീകാന്ത് ജോലി തുടര്‍ന്നു പോന്നു. ഇതിനു പുറമെ ലഭ്യമായ പഠന പുസ്തകങ്ങളും ചോദ്യപേപ്പറുകളുമെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കും. ജോലി കഴിഞ്ഞ് രാത്രിയോടെ താമസസ്ഥലത്തെത്തിയാല്‍ പഠിച്ചതൊക്കെ റിവൈസ് ചെയ്യും. ഈ പ്രയത്നം ഒടുവില്‍ ശ്രീകാന്തിനെ റെവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജോലിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. എഴുത്തു പരീക്ഷയില്‍ 82 ശതമാനം മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ഇനി അഭിമുഖമുണ്ട്. 

റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ ആണ് തനിക്കു മുമ്പില്‍ അനന്ത സാധ്യതകള്‍ തുറന്നിട്ടതെന്ന് ശ്രീകാന്ത് പറയുന്നു. പഠനവും പരീക്ഷ എഴുത്തും ഇനിയും തുടരും. കുടുംബം നോക്കേണ്ട ചുമതലകൂടി ഉള്ളതിനാല്‍ ഈ ജോലി വിടാനാവില്ലെന്നും ശ്രീകാന്ത്് പറയുന്നു. ഒടുവില്‍ മികച്ച ഒരു സര്‍ക്കാര്‍ ജോലി തന്നെ ലഭിക്കുമെന്നാണ് ശ്രീകാന്തിന്റെ പ്രതീക്ഷ. 

Latest News