റിയാദ്- ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി അറേബ്യയും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്ന ഇന്ന് കളികാണാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിക്കാന്‍ അനുമതി. സ്‌കൂളുകള്‍ക്കും അവധിയുണ്ട്. സ്വകാര്യ മേഖലയിലും പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചക്ക് ഒരു മണിക്കാണ് സൗദി ദേശീയ ടീമിന്റെ പോരാട്ടം. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ സൗദിയില്‍ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങള്‍ ഖത്തറിലേക്ക് പറന്ന് തുടങ്ങി.
കൂടാതെ റോഡ് മാര്‍ഗം പോകുന്നവര്‍ക്കായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സല്‍വാ അതിര്‍ത്തിയിലും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകളൊരുക്കിയാണ് യാത്ര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.