തിരുവനന്തപുരം- ശശി തരൂര്‍ എം.പി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് തടയുന്നത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലെന്ന് ആരോപണം. മലബാര്‍ പര്യടനത്തെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതാണ് പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയാകുന്നത്.
കോഴിക്കോട്ടാരംഭിച്ച തരൂരിന്റെ മലബാര്‍ പര്യടനം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്‍പ്പെടെ കണ്ണുനട്ടാണെന്നു വേണുഗോപാല്‍ ക്യാമ്പ് കരുതുന്നു. ഇതോടെ, തരൂരിനെ പിന്തുണക്കുന്ന എം.കെ. രാഘവന്‍ എം.പിയും കണ്ണിലെ കരടായി. രാഘവന്റേതു വിഭാഗീയനീക്കമെന്നാരോപിച്ച് പരാതി നല്‍കാന്‍ സംസ്ഥാനനേതാക്കളോടു വേണുഗോപാല്‍ ആവശ്യപ്പെട്ടതായാണു സൂചന. എന്നാല്‍, തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍നിന്നു യൂത്ത് കോണ്‍ഗ്രസിനെ വിലക്കിയതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കു പരാതി നല്‍കുമെന്നു രാഘവന്‍ വ്യക്തമാക്കി.
തരൂരിനു പരസ്യ പിന്തുണയുമായി കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരിടവേളക്കുശേഷം ഗ്രൂപ്പ് പോര് പുതിയരൂപത്തില്‍ സജീവമാകുകയാണ്. തരൂരിന്റെ വ്യക്തിപ്രഭാവം പ്രയോജനപ്പെടുത്തി സംസ്ഥാനത്തു കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തണമെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ ആവശ്യം. യു.ഡി.എഫില്‍ മുസ്‌ലിം ലീഗിന്റെയും സാമുദായികമായി എന്‍.എസ്.എസിന്റെയും പിന്തുണ തരൂരിനുണ്ട്.