പാലക്കാട്- ലോകകപ്പ് വിളംബരറാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു, 22 പേര് അറസ്റ്റില്‍. കല്‍പ്പാത്തി ചാത്തപുരം ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ജൈനിമേട് സ്വദേശികളായ 22 പേരെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, ജോലിയിലുണ്ടായിരുന്ന പോലീസുകാരെ പരിക്കേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ലഭ്യമായ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന റാലി അതിരുവിട്ടപ്പോള്‍ പോലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്കും ഒരു ഫുട്ബോള്‍ ആരാധകനും പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.