തിരുവനന്തപുരം - ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വിലക്കേർപ്പെടുത്തി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെ.പി.സി.സി നിർദ്ദേശം നല്കിയത്. സ്വതന്ത്രമായ സംഘടനാ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് ഡി.സി.സികൾക്കും നിർദേശം നല്കിയതായി സുധാകരൻ അറിയിച്ചു.
ശശി തരൂർ സമുന്നത നേതാവാണ്. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എല്ലാ അവകാശവുമുണ്ട്. തരൂരിന് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ല. പൊതുപരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന വാർത്ത വാസ്തവവിരുദ്ധമാണ്. വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെ.പി.സി.സി വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.
ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യ പ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും നേതാക്കൾ പിന്തിരിയണം. മറ്റു വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും. തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ല.
പാർട്ടിയും പോഷക സംഘടനകളും ഇടത് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോർമുഖത്താണ്. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെയാണ് കെ.പി.സി.സി നോക്കിക്കാണുന്നത്. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ കഷ്ടപ്പെടുന്ന നേതാക്കൾ മോശക്കാരാണെന്ന രീതിയിലുള്ള പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. പാർട്ടിയിലെ ഐക്യത്തെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി. ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനു പിന്നിൽ ആരാണെന്ന് അറിയാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി ഇന്ന് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തരൂർ സജീവമാവുന്നതിന് എതിർപ്പുള്ളവരാണ് ഗൂഢാലോചനക്കാർ. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവച്ചവർ ആവാം ഇവരെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ പേര് പുറത്തു പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സംഭവം കോൺഗ്രസിനുള്ളിലും പുറത്തും സജീവ ചർച്ചയാവുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ഇടപെടൽ. തരൂർ വിഷയം കൈക്കാര്യം ചെയ്തതിൽ പാർട്ടിയിലെ ചില ഉന്നതർക്ക് സംഭവിച്ച വീഴ്ച പൊതുസമൂഹത്തിൽ കൂടുതൽ ചർച്ചയാവുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് നേതൃ ഇടപെടൽ.