ബെയ്ജിങ്- കോവിഡിന്റെ ഈറ്റില്ലമായ ചൈനയില്‍ കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നു. ഇതോടെ പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വന്‍കരയിലാകെ 25,000 കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ മാത്രം 515 കേസുകള്‍ സ്ഥിരീകരിച്ചു. ഇവിടെ റസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു.
കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം.
നേരെത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നിരുന്നു. എന്നാല്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പിന്നാലെ ഈ മാസം ആദ്യം ഇളവുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തലാക്കിയതടക്കമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈന്‍ കാലം 10 ദിവസത്തില്‍ നിന്ന് എട്ട് ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.