കോഴിക്കോട് - ശശി തരൂർ എം.പിയുടെ മലബാറിലെ പര്യടന പരിപാടികൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും തരൂരിനെ മുസ്‌ലീം ലീഗ് കൈവിടില്ല. ശശി തരൂരുമായി മുസ്‌ലീം ലീഗ് നേതാക്കൾ നവംബർ 22ന് കൂടിക്കാഴ്ച നടത്തുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം 'മലയാളം ന്യൂസി' നോട് പറഞ്ഞു.
മലബാറിലെ പര്യടന പരിപാടിയുടെ ഭാഗമായി ശശി തരൂർ എം.പി പാണക്കാട്ട് വെച്ച് മുസ്‌ലീം ലീഗ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചിരുന്നു. കോൺഗ്രസിന്റെ ഉന്നത നേതാവെന്ന നിലയിൽ അതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ശശി തരൂരിന്റെ പരിപാടികൾക്ക് എന്തോ ചില വിലക്കുകളുള്ളതായി പത്രങ്ങളിൽ വാർത്ത കണ്ടു. അത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അതിൽ മുസ്‌ലീം ലീഗിന് ഇടപടേണ്ട കാര്യമില്ല. ഒരുപാട് കോൺഗ്രസ് നേതാക്കൾ ഇതിന് മുമ്പ് പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ പാണക്കാട്ട് വന്നപ്പോൾ അദ്ദേഹത്തെ പോലും സ്വീകരിച്ചിട്ടുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
ഒരു സൗഹൃദ സന്ദർശനത്തിന് മാത്രമായാണ് ശശി തരൂർ പാണക്കാട്ടെത്തുന്നത്. അതിനെ ഏതെങ്കിലും തരത്തിലുള്ള ചർച്ചയായി കാണേണ്ടതില്ല. മുസ്‌ലീം ലീഗിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലീം ലീഗ് നേതൃത്വത്തെ കൂട്ടുപിടിച്ച് കേരളത്തിൽ കോൺഗ്രസ് നേതൃപദവിയിലേക്ക് വരാൻ ശശി തരൂർ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് മലബാറിൽ അദ്ദേഹം പര്യടന പരിപാടികൾ സംഘടിപ്പിച്ചതെന്നുമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. 'സംഘപരിവാറും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികളും' എന്ന വിഷയത്തിൽ ശശി തരൂരിനെ മുഖ്യ പ്രാസംഗികനാക്കിയുള്ള പരിപാടി നടത്താൻ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചിരുന്നു. ഇതിനെയാണ് എ.ഐ.സി.സി നേതൃത്വത്തിലെ ചില ഉന്നതർ ഇടപെട്ട് വിലക്കിയത്. ഇതോടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയെങ്കിലും കോൺഗ്രസിന്റെ പോഷക സംഘടനയായ ജവഹർ യൂത്ത് ഫെഡറേഷൻ പരിപാടി ഏറ്റെടുത്ത് നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.