Sorry, you need to enable JavaScript to visit this website.

സി.വി ആനന്ദബോസിനെ ഗവര്‍ണറാക്കിയത്  ബംഗാള്‍ ബി.ജെ.പിയ്ക്ക് അത്ര രസിച്ചിട്ടില്ല 

കൊല്‍ക്കത്ത-പശ്ചിമ ബംഗാളിലെ പുതിയ ഗവര്‍ണറായ സി.വി. ആനന്ദബോസ് ഉപരാഷ്ട്രപതിയും മുന്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍ഖറെ പോലെ പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ബംഗാള്‍ ഘടകം രംഗത്ത്.  ബംഗാളിന്റെ അധിക ചുമതല വഹിച്ചിരുന്ന ലാ ഗണേശനെ ഗവര്‍ണറാക്കാത്തതിലെ അതൃപ്തിയും നേതാക്കള്‍ പരസ്യമാക്കി. സംസ്ഥാന സര്‍ക്കാരുമായുള്ള ബന്ധമാണ് സി.വി. ആനന്ദബോസ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി.
മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല സംസ്ഥാനത്തെ ബി.ജെ.പി ഘടകവുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്നു. നിയുക്ത ഗവര്‍ണര്‍ ധന്‍ഖറിന്റെ പാത പിന്തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സവേന്ദു അധികാരി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താവണം എന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
ജഗ്ദീപ് ധന്‍ഖറിന്റെ പാത സി.വി. ആനന്ദബോസ് പിന്തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ മനോജ് ടിഗ്ഗ പറഞ്ഞു. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സംസ്ഥാനം പരോഗതിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ടിഗ്ഗ പറഞ്ഞു. അതേസമയം ബംഗാളിന്റെ അധിക ചുമതല വഹിക്കുന്ന ഗവര്‍ണര്‍ ബി.ജെ.പി പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ രാജ്ഭവനിലെത്താത്തതില്‍ സവേന്ദു അധികാരി അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 
അതേസമയം, ഗവര്‍ണറുമായി നല്ല ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ തപസ് റോയ് പറഞ്ഞു. പുതിയ ഗവര്‍ണര്‍ ബംഗാളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടാകുമെന്നാണ് കരുതുന്നത്. ഗവര്‍ണറോട് തങ്ങള്‍ ആദരവ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഇതിനിടെ, രാജ്ഭവനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് പറഞ്ഞു. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കും. രാജ്ഭവനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംഘട്ടനമായി കാണേണ്ടതില്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News