മംഗളൂരു- മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും പോലീസ് അറിയിച്ചു. തീ കണ്ടതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ടെന്നും ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേരും ചികിത്സയിലായതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചിട്ടില്ലെന്നും അവരോട് സംസാരിച്ച ശേഷം വിവരങ്ങൾ അറിയിക്കാമെന്നും മംഗളൂരു പോലീസ് മേധാവി എൻ. ശശികുമാർ അറിയിച്ചു. അതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിനു മുന്നിൽ വച്ച് ഓട്ടോ പൊട്ടിത്തെറിക്കുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.