കോഴിക്കോട് - മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനുള്ള അപ്രഖ്യാപിത വിലക്കിന് പിന്നിൽ എ.ഐ.സി.സിയിൽ ഉന്നത സ്വാധീനമുള്ളവരെന്ന് സൂചന. യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നത് കെ.പി.സി.സി നേതൃത്വം തടഞ്ഞുവെന്ന വാദം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തള്ളി.
ശശി തരൂർ എം.പിയെ തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെ.പി.സി.സി ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെ.പി.സി.സി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ച ശശി തരൂരിനെ പങ്കെടുപ്പിച്ച് ഇന്ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പിന്മാറ്റം. ഇതേ തുടർന്ന് പരിപാടി കോൺഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുത്തിരിക്കുകയാണ്.
തരൂരിന് പാർട്ടിക്കിടയിലും പുറത്തും ലഭിക്കുന്ന വൻ സ്വീകാര്യത പല കോൺഗ്രസ് നേതാക്കളെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്.
എന്നാൽ എന്നെ ആരും ഭയക്കേണ്ടെന്നും ഞാനും ആരെയും ഭയക്കുന്നില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് പിൻമാറിയെങ്കിലും ഇന്ന് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.