തിരുവനന്തപുരം - തന്റെ പരിപാടികൾക്ക് പാർട്ടിയിൽ നിന്ന് വിലക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണം. തനിക്ക് ആരെയും ഭയമില്ല. പാർട്ടിയിൽ ശത്രുക്കളില്ല. തന്നെ ആരും ഭയക്കേണ്ടതുമില്ല. മലബാറിലെ പരിപാടികൾക്ക് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സെമിനാർ യൂത്ത് കോൺഗ്രസിന് പകരം മറ്റ് സംഘാടകർ നടത്തുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി. 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് നാളെ നടത്താൻ തീരുമാനിച്ച പരിപാടിയിൽനിന്ന് സംഘടന ഇന്ന് പിൻമാറിയിരുന്നു. പാർട്ടിയുടെ അപ്രഖ്യാപിത വിലക്കാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതേ തുടർന്ന് പരിപാടി ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടന ഏറ്റെടുത്തു നടത്തുന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം. നാളെ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിലാണ് പസെമിനാർ.