Sorry, you need to enable JavaScript to visit this website.

സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറി; അപ്രഖ്യാപിത വിലക്കിൽ ശ്രദ്ധാകേന്ദ്രമായി വീണ്ടും തരൂർ

കോഴിക്കോട് - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ പങ്കെടുപ്പിച്ചുള്ള കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് സെമിനാറിന് അപ്രഖ്യാപിത വിലക്ക്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകിയതിനെ തുടർന്ന് സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. ഇതേതുടർന്ന് സെമിനാറിന്റെ നടത്തിപ്പ് കോൺഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടന ഏറ്റെടുത്തു. 
 ശശി തരൂർ സമാന്തരമായി നടത്തുന്ന പരിപാടിയിൽ സഹകരിക്കേണ്ടതില്ലെന്ന തരത്തിൽ മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് വിലക്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അനൗദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്നതാണ് സെമിനാർ വിഷയം. നാളെ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിലാണ് പരിപാടി.
 കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ മത്സരിച്ചു ചലനമുണ്ടാക്കിയ തരൂർ സംസ്ഥാന രാഷ്ട്രീയത്തിലും ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മലബാർ മേഖലയിൽ പര്യടനം നടത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചില പ്രധാന പരിപാടികളിൽ നാളെ മുതൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയവും നടത്തുന്നുണ്ട്. തരൂരിന്റെ വരവ് പാർട്ടിക്കകത്തും പുറത്തും പുതിയ ഓളങ്ങൾ തീർക്കുന്നത് പലരേയും അസ്വസ്ഥരാക്കുന്നതിന്റെ ഭാഗമാണ് സെമിനാർ വിലക്കെന്നാണ് കരുതുന്നത്.
 

Latest News