കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്; പ്രചാരണം കൊഴുപ്പിച്ച് നേതാക്കള്‍

ബെംഗളൂരു- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യമായി വോട്ടഭ്യര്‍ത്ഥിക്കാനുള്ള അവസാന ദിവസമായ ഇന്ന് സംസ്ഥാനത്തുടനീളം വിവിധ രാഷ്ട്രീയ കക്ഷികളുടെ റാലികള്‍ നടക്കും. ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്ത് സജീവമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ നമോ ആപ്പ് വഴി പിന്നാക്ക വിഭാഗങ്ങളുമായി സംവദിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പയും ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധാരാമയ്യ മത്സരിക്കുന്ന ബദാമിയില്‍ റോഡ് ഷോ നടത്തുന്നുണ്ട്. ബെംഗളുരുവില്‍ ഷായുടെ വാര്‍ത്താ സമ്മേളനവും നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. 

വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് രാഹുല്‍ തുടക്കം മുതല്‍ സജീവമായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാഹുല്‍ പര്യടനം നടത്തി. ഗുജറാത്തില്‍ വിജയം കണ്ട പ്രചാരണ രീതികളാണ് രാഹുല്‍ കര്‍ണാടകയിലും സ്വീകരിച്ചത്. കിങ്‌മേക്കറാകുമെന്ന് പറയപ്പെടുന്ന മുന്‍പ്രധാനമന്ത്രി ദേവ ഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസും പ്രചാരണത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ബിഎസ്പി നേതാവ് മായാവതി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവരും ജെഡിഎസിനു വേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. ഒരു കക്ഷിക്കും ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡിഎസ് ആയിരിക്കും ആര് ഭരിക്കണമെന്ന് തീരുമാനിക്കുക എന്നത് വ്യക്തമാണ്. 

ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടത്തിയത്. സര്‍വെ ഫലങ്ങളെല്ലാം കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് പറയുമ്പോഴും ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങള്‍ക്കായിരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 130 സീറ്റ് ലഭിക്കുമെന്ന് കോണ്‍ഗ്രസും 113 സീറ്റ് ലഭിക്കുമെന്ന് ജെഡിഎസും അവകാശപ്പെടുന്നു. ശനിയാഴ്ച വോട്ടെടുപ്പിനു ശേഷം മേയ് 15ന് ഫലം അറിയാം.
 

Latest News