ന്യൂദല്‍ഹി-ദല്‍ഹിയിലെ ശ്രദ്ധ വധക്കേസ് പ്രതി അഫ്താബ് ഒരു ബാഗുമായി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുംബൈ സ്വദേശിയും 26 കാരിയുമായ ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങളാണ് ഈ ബാഗിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
അഫ്താബിന്റെ ഫ് ളാറ്റില്‍നിന്ന് പോലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന മൂര്‍ച്ചയുള്ള ആയുധങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അഫ്താബിനെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകുന്ന പോളിത്തീന്‍ ബാഗാണ് അന്ന് കണ്ടെത്തിയത്.
മൃതദേഹം എങ്ങനെ മുറിക്കുമെന്ന സാങ്കേതിക വശങ്ങള്‍ അഫതാബ് ഇന്റര്‍നെറ്റില്‍ നിന്നും മനസിലാക്കിയിരുന്നു. പ്രത്യേകതരം ആസിഡ് ഉപയോഗിച്ചാണ് രക്തകറകള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അഫ്താബ് ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമെന്നാണ് ഫോറന്‍സിക് വിഭാഗം അവകാശപ്പെടുന്നത്. ഇരുവരുടെയും വസ്ത്രങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ ഉപേക്ഷിച്ചതായാണ് അഫതാബ് പറഞ്ഞത്. അതിനാല്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഛത്തര്‍പൂരിലെ ഫ്ളാറ്റിന് സമീപത്തുളള മെഹ്റൗളിയിലെ വനത്തില്‍ നിന്ന് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കേസിലെ സുപ്രധാന തെളിവായ ശ്രദ്ധയുടെ തലയോട്ടി അടക്കമുളള ശരീരഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. പത്തോളം ചാക്കില്‍ പൊതിഞ്ഞ ശരീരഭാഗങ്ങളാണ് പോലീസ് ഇതുവരെ കണ്ടെടുത്തത്. 15 ദിവസത്തിനുളളില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നും അപ്പോള്‍ മാത്രമേ ശരീരഭാഗങ്ങള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷം മുന്‍പ് അഫ്താബും ശ്രദ്ധയും കണ്ടുമുട്ടിയ ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പില്‍ നിന്നുളള ഇവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട്, കോള്‍ ഡാറ്റ, സാഹചര്യ തെളിവുകള്‍ എന്നിവയെ അശ്രയിച്ചായിരിക്കും കൊലപാതകത്തിന്റെ അന്വേഷണം. അഫ്താബും ശ്രദ്ധയും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുറച്ച് ദിവസം മുന്‍പ് ഇരുവരും വഴക്കിട്ട് പിരിഞ്ഞു. പിന്നീട് അവരില്‍ ഒരാള്‍ക്ക് ജോലി കിട്ടുന്നത് വരെ ഫ്‌ലാറ്റ്‌മേറ്റ് ആയി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അഫ്താബ് മൊഴി നല്‍കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ അഫ്താബിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയറായിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനാണ് അഫ്താബിന്റെ ശ്രമമെന്നാണ് പോലീസ് നിഗമനം.
#WATCH | Shraddha murder case: CCTV visuals of Aftab carrying bag at a street outside his house surface from October 18 pic.twitter.com/S2JJUippEr
— ANI (@ANI) November 19, 2022