ന്യൂദല്‍ഹി- പാന്‍ കാര്‍ഡ് ഇതുവരെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ. പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കി. ജൂണ്‍ 30 ആയിരുന്നു അവസാന തീയത്. കാലതാമസമുള്ള ഫീസ് നല്‍കാതെ ഇനി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കില്ല. 1000 രൂപ അടച്ച് 2023 മാര്‍ച്ച് 31 വരെ പാനും ആധാറും ലിങ്ക് ചെയ്യാം.
ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു. ആദായനികുതി നിയമം, 1961 പ്രകാരം, ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തനരഹിതമാകും.
ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് ഇല്ലാതാക്കപ്പെടുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. തുടര്‍ന്ന്, ബാങ്ക് അക്കൗണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ സ്‌റ്റോക്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ഇടപാടുകള്‍ നടത്താന്‍ പാന്‍ കാര്‍ഡ് ഉടമകളെ അനുവദിക്കില്ല.
ആധാര്‍ കാര്‍ഡുമായി പാന്‍ എങ്ങനെ ലിങ്ക് ചെയ്യാം?
ആദായ നികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക
ക്വിക് ലിങ്ക് എന്ന വിഭാഗത്തിലേക്ക് പോയി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക
ഒരു പുതിയ വിന്‍ഡോ ദൃശ്യമാകും, നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍, പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒരു ഒ.ടി.പി ലഭിക്കും. അത് പൂരിപ്പിച്ച് ക്ലിക്ക് ചെയ്യുക.
പിഴ അടച്ച ശേഷം നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.
പിഴ അടക്കാതെ നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.